മേയര്‍ ആര്യ രാജേന്ദ്രനും എം.എല്‍.എ സച്ചിന്‍ ദേവും വിവാഹിതരായി.
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ സച്ചിന്‍ ദേവും വിവാഹിതരായി. എ.കെ.ജി സെന്ററില്‍ വച്ച് രാവിലെ 11 മണിക്കാണ് വിവാഹം നടന്നത്. ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ അടക്കം രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സച്ചിൻദേവ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ്. ആര്യ രാജേന്ദ്രനാകട്ടെ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. കോഴിക്കോട് സ്വദേശിയാണ് സച്ചിൻ ദേവ്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. നിയമ ബിരുദധാരിയും.
എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ചാല ഏരിയ കമ്മിറ്റി അംഗവുമായ ആര്യ 21ാം വയസ്സിലാണ് മേയറായത്. തിരുവനന്തപുരം ആൾ സെയിന്‍റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെയാണ് മേയറായത്. ബാലസംഘ കാലം മുതലേ പരിചയക്കാരാണ് ആര്യയും സച്ചിനും. മാർച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
വിവാഹത്തിന് ഉപഹാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ക്ഷണക്കത്തില്‍ ആര്യ രാജേന്ദ്രന്‍ നേരത്ത വ്യക്തമാക്കിയിരുന്നു. പരമാവധി ആളുകളെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്നും ആര്യ രാജേന്ദ്രൻ അഭ്യർഥിച്ചു. സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണം. എല്ലാവരുടെയും സാന്നിധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്നും ആര്യ രാജേന്ദ്രന്‍ അഭ്യര്‍ഥിച്ചു.