മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമുയരുന്നു
നിരവധി പേരുടെ ആശ്രയ കേന്ദ്രമായ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമുയരുന്നു. എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി നവീകരിക്കുന്നത്.
ആശുപത്രി നവീകരണത്തിനായുള്ള മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള ആദ്യഘട്ട പ്രവർത്തനങ്ങളാണ് തുടങ്ങുന്നത്. 99 ലക്ഷം രൂപയാണ് ഇതിനായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചത്. രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി മൂന്ന് കോടി രൂപ സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.
രാവിലെ ഒമ്പത് മണിമുതൽ വെെകീട്ട് ആറ് മണിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട്, എൻ.എച്ച്.എം എന്നിവയുടേത് ഉൾപ്പെടെ ആറ് ഡോക്ടർമാരുടെ സേവനവും ആധുനിക സൗകര്യങ്ങളോടെയുള്ള ലബോറട്ടറി സൗകര്യവും ആശുപത്രിയിലുണ്ട്. ദന്തരോഗ വിഭാഗത്തിന് പുറമേ, കാഴ്ച ശേഷി പരിശോധനയ്ക്കായി ഒപ്റ്റോമെട്രിസ്റ്റിന്റെ സേവനവും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ദിവസേന 1500 ഓളം രോഗികളാണ് മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്.
പ്രെെമറി, സെക്കന്ററി ഫിസിയോ തെറാപ്പി, ഭിന്നശേഷിക്കാർക്കായുള്ള അനുയാത്ര പദ്ധതി, കൗമാരക്കാർക്കുള്ള കൗൺസിലിംഗ് തുടങ്ങിയവയും ഇവിടെ ലഭ്യമാണ്. പയ്യോളി മുനിസിപ്പാലിറ്റി, തുറയൂർ, തിക്കോടി, മൂടാടി, മണിയൂർ, മേപ്പയ്യൂർ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ആശുപത്രിയിൽ എത്തുന്നവരിൽ കൂടുതലും. കൂടുതൽ ആളുകൾ എത്തുന്നതിനാൽ ആശുപത്രിയുടെ പഞ്ചാത്തല സൗകര്യം ഉയർത്തുക അനിവാര്യമായിരുന്നു. ഈ ഘട്ടത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചത്.