Uncategorized
മോദിയേയും ധോണിയേയും വിമര്‍ശിക്കുന്നത് നിര്‍ത്തണമെന്ന് പ്രിയദര്‍ശന്‍; മോദിക്കൊപ്പം ധോണിയെ താരതമ്യപ്പെടുത്തരുതെന്ന് സോഷ്യല്‍ മീഡിയ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയേയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ സംവിധായകന്‍ പ്രിയദര്‍ശന്‍.
മോദിയേയും ധോണിയേയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പ്രിയദര്‍ശന്റെ ആവശ്യം.
”മോദിയേയും ധോണിയേയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണം. ഇരുവരും നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്” എന്നായിരുന്നു പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ധോണിക്കെതിരെ ആരാധകര്‍ ഉയര്‍ത്തുന്ന വിമര്‍ശനത്തിലായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം
എന്നാല്‍ പ്രിയദര്‍ശന്റെ പോസ്റ്റിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ധോണിയെ മോദിയുമായി താരതമ്യപ്പെടുത്തരുതെന്നും മോദി ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്നായിരുന്നു ഒരാളുടെ പ്രതികരണം.
തങ്ങള്‍ വിമര്‍ശനം തുടരുമെന്നും ക്രിക്കറ്റും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കലര്‍ത്തരുതെന്നുമായിരുന്നു മറ്റു ചിലര്‍ പ്രതികരിച്ചത്.
ആളുകള്‍ എന്ത് ചെയ്യണമെന്ന് പറയാനുള്ള അധികാരം നിങ്ങള്‍ക്കില്ലെന്നും വിമര്‍ശനത്തിന് അധീതരല്ല മോദിയും ധോണിയുമെന്നായിരുന്നു മറ്റു ചിലര്‍ കമന്റില്‍ കുറിച്ചത്.
ധോണിയെ മോദിയുടെ ഒപ്പം ചേര്‍ത്ത് ന്യായികരിച്ചത് തന്നെയാണ്, ധോണിയ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ വേദനയെന്നും ധോണിയെ ഇത്തരത്തില്‍ തരംതാഴ്ത്തരുതായിരുന്നെന്നുമാണ് ചിലര്‍ പ്രതികരിക്കുന്നത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരിക്കെ രാജ്യത്തിന് വേണ്ടി നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കിയ താരമാണ് ധോണി. എന്നാല്‍ മോദിയോ?- എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
”നിങ്ങള്‍ക്ക് എന്ത് രാഷ്ട്രീയവും പിന്തുടരാനുള്ള അവകാശം ഉണ്ട്. പക്ഷെ ഒരു ജനാധിപത്യ രാജ്യത്തില്‍ ചിലരെ ഒന്നും ആരും വിമര്‍ശിക്കാന്‍ പാടില്ല കാരണം അവര് രാജ്യ സ്‌നേഹികളാണ് എന്ന് പറയുന്നതിന്റെ ലോജിക് മനസിലാവുന്നില്ല. നിങ്ങളൊക്കെ ഇമ്മാതിരി ദുരന്തം ആയി മാറിയതില്‍ വളരെ വിഷമമുണ്ട് പ്രിയന്‍ സാര്‍”- എന്നായിരുന്നു മറ്റൊരു കമന്റ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പ്രിയദര്‍ശന്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ശക്തി താങ്കളാണെന്നും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നുമായിരുന്നു മെയ് 23 ന് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
Comments