ഇടുക്കി: ഉടുമ്പഞ്ചോല ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളില്‍ ജോസഫാണ് മരിച്ചത്. സംഭവത്തില്‍ മോഷണശ്രമം നടന്ന വീട്ടിലെ ഉടമസ്ഥന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചെമ്മണ്ണാര്‍ കൊന്നയ്ക്കാപ്പറമ്പില്‍ രാജേന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. രാജേന്ദ്രനും ജോസഫും തമ്മിൽ ഉണ്ടായ മൽപ്പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് ജോസഫ് കൊല്ലപ്പെടാൻ കാരണം. മൽപ്പിടുത്തത്തിനിടെ പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധനക്കായി കൊണ്ടുപോയി.
ജോസഫിന്റെ കഴുത്തിലെ എല്ലുകള്‍ പൊട്ടി ശ്വാസനാളിയില്‍ കയറി ശ്വാസതടസ്സമുണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണു സംഭവം. മോഷണ ശ്രമം നടന്ന രാജേന്ദ്രന്റെ വീടിന് നൂറ്റമ്പത് മീറ്റര്‍ അകലെ മറ്റൊരു വീടിന്റെ മുറ്റത്താണ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. രാജേന്ദ്രന്റെ വീട്ടില്‍ നിന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ച ഇറച്ചിയും ഷര്‍ട്ടിനുള്ളില്‍ നിന്ന് 6,000 രൂപയും ജോസഫ് മോഷ്ടിച്ചെന്ന് രാജേന്ദ്രന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ജോസഫിന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കിലോ ഇറച്ചി. ചെരുപ്പ്, വാക്കത്തിയെന്നിവ കണ്ടെത്തി. എന്നാല്‍ നഷ്ടപ്പെട്ടെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്ന 6000 രൂപ കണ്ടെത്താനായില്ല.
പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവമുണ്ടായത്. ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രൻറെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാൻ കയറിയത്. വീടിൻറെ പിൻഭാഗത്തെ വാതിൽ തകർത്താണ് അകത്തു കടന്നത്. രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിൻറെ കൈതട്ടി ചാർജിങ്ങിനായിട്ടിരുന്ന മൊബൈൽ ഫോൺ നിലത്തു വീണു. ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചു. പിന്തുടർന്ന് എത്തിയ ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടായി. തന്നെ കടിച്ച് പരുക്കേൽപ്പിച്ച് ശേഷം ജോസഫ് രക്ഷപെട്ടുവെന്നാണ് രാജേന്ദ്രൻ പറഞ്ഞത്. എന്നാൽ മൽപ്പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതോടെ വീട്ടുടമസ്ഥൻ രാജേന്ദ്രനിലേക്ക് അന്വേഷണം നീങ്ങുകയായിരുന്നു.