CRIME

മ്യൂസിയം പരിസരത്ത് ലൈഗിംകാതിക്രമം നടത്തിയതും കുറവൻകോണം കേസിൽ അറസ്റ്റിലായ സന്തോഷ് തന്നെ

കുറവൻകോണം കേസിൽ അറസ്റ്റിലായ സന്തോഷ് തന്നെയാണ് മ്യൂസിയം പരിസരത്ത് ലൈഗിംകാതിക്രമം നടത്തിയതെന്ന് തെളിഞ്ഞു. പേരൂർക്കട സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിൽ പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു.  പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ മ്യൂസിയം കേസിലും മലയിൻകീഴ് സ്വദേശി സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ മലയിൻകീഴ് സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. വാട്ടർ അതോറിറ്റിയിലെ താത്കാലിക ഡ്രൈവറായ ഇയാൾ കുറ്റംകൃത്യം ചെയ്യുന്ന സമയത്ത് ഉപയോഗിച്ചിരുന്നത് ജലവിഭവ പ്രിൻസിപ്പിൾ സെക്രട്ടറിയുടെ പേരിൽ അനുവദിച്ച ഇന്നോവാ കാറായിരുന്നു. ഈ വാഹനവും ഇന്ന് പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കും. കോടതിയിൽ ഹാജരാക്കും മുമ്പ് സംഭവസ്ഥലത്ത് എത്തിച്ച് ഇയാളെ തെളിവെടുക്കാനും സാധ്യതയുണ്ട്. 

ഏജൻസി നൽകിയ കരാർ ജീവനക്കാരനാണ് അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രിയുടെ വിശദീകരണം. വിഷയം അറിഞ്ഞപ്പോൾ തന്നെ പിഎസുമായി സംസാരിച്ചുവെന്നും ഇയാളെ അടിയന്തരമായി ഒഴിവാക്കാൻ നിര്‍ദ്ദേശിച്ചെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്‍റെ സ്റ്റാഫിൽ ഉൾപ്പെട്ട ആളല്ല അറസ്റ്റിലായതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്ന വാട്ടർ അതോറിറ്റിയുടെ വാഹനത്തിന്റെ കരാർ ജീവനക്കാരനായിരുന്നു ഇയാള്‍.

ജല അതോറിറ്റിയില്‍ കരാര്‍ നിയമനങ്ങള്‍ നടത്തുന്നത് എച്ച്.ആര്‍ വിഭാഗമാണ്. തന്റെ ഓഫീസിലെ ഒരാള്‍ ഇത്തരമൊരു കേസില്‍പ്പെട്ടത് മന്ത്രിക്കും ഓഫീസിനും നാണക്കേടായി മാറിയ സാഹചര്യത്തിലാണ് അടിയന്തര നടപടിയെന്ന നിലയില്‍ സന്തോഷിനെ പിരിച്ചുവിടാന്‍ മന്ത്രി നിര്‍ദേശിച്ചത്.

കുറവന്‍കോണത്തെ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ ഇയാള്‍ ആദ്യം എത്തിയത്. ഇവിടെ അതിക്രമം കാണിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് പോയി. ഇതിന് ശേഷം കുറവന്‍കോണത്തെ വീട്ടിലെത്തി വാതില്‍ പൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇന്നോവ കാറില്‍ എത്തി കവടിയാര്‍ റോഡില്‍ ടെന്നീസ് ക്ലബ്ബിന് സമീപത്ത് നിന്ന് കുറവന്‍കോണത്തേക്ക് പോകുന്ന വഴിയില്‍ പാര്‍ക്ക് ചെയ്തശേഷം നടന്നാണ് കുറവന്‍കോണത്തേക്ക് എത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ വണ്ടി നമ്പര്‍ കണ്ടെത്താനായതാണ് കേസില്‍ വഴിത്തിരിവായത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button