മൗലികവാദത്തിന്റെ തീ പടര്‍ത്തിയാല്‍ ജനങ്ങളും രാഷ്ട്രവും എരിഞ്ഞു പോവും – മുഖ്യമന്ത്രി.
ലോകത്ത് വംശീയസ്പര്‍ദ്ധകളും വര്‍ഗീയ വിദ്വേഷവും അതിന്‍റെ അടിസ്ഥാനത്തിലുള്ള രക്തച്ചൊരിച്ചിലുകളും ഏറി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മധ്യധരണ്യാഴി പ്രദേശങ്ങളില്‍ മുതല്‍ നമ്മുടെ അയല്‍ രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനില്‍ വരെ സ്ഥിതി അങ്ങേയറ്റം കലുഷമായിരിക്കുന്നു. ശ്രീനാരായണ ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
“നമ്മുടെ രാജ്യത്തും വര്‍ഗീയ വിദ്വേഷം ഇടയ്ക്കിടെ ഭീകരമായ മാനങ്ങളോടെ തല പൊക്കുന്നു. മത വര്‍ഗീയ സംഘടനകള്‍ ഇതുപോലെ മനുഷ്യത്വത്തെ ഞെരിച്ചുകൊല്ലുന്ന ഭീകര ഘട്ടം ചരിത്രത്തില്‍ അധികമുണ്ടായിട്ടില്ല. ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കേണ്ട കാലമാണിത്. മനുഷ്യരായി മുമ്പോട്ടുപോകാന്‍ നമുക്കു കഴിയണം,”
അഫ്ഗാനിസ്ഥാന്‍ വലിയ ഒരു പാഠമാണ്. മതമൗലികവാദത്തിന്‍റെ തീ ആളിപ്പടര്‍ത്തിയാല്‍, ആ തീയില്‍ ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോവും എന്ന പാഠം. ലോകത്തിന്‍റെ ഏതെല്ലാം ഭാഗത്ത് മനുഷ്യര്‍ ചേരിതിരിഞ്ഞ് വര്‍ഗീയ-വംശീയ തലങ്ങളില്‍ പൊരുതി നശിക്കുന്നുണ്ടോ അവിടെയൊക്കെ എത്തേണ്ട പാഠമാണ് നാരായണ ഗുരു മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
“പാലസ്തീന്‍റെ കാര്യത്തിലും രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തിലും എന്നു വേണ്ട, ഇന്ത്യയില്‍ത്തന്നെ ഇടയ്ക്കിടെ കാണാവുന്ന വര്‍ഗീയ കലാപത്തില്‍വരെ പ്രവര്‍ത്തിക്കുന്നതു ചേരി തിരിഞ്ഞുള്ള മനുഷ്യരുടെ വംശ വിദ്വേഷമാണ്. പഞ്ചാബ് പ്രശ്നം, കാശ്മീര്‍ പ്രശ്നം തുടങ്ങിയവയിലൊക്കെ ഇതാണ് അടിയൊഴുക്കായി നിന്നതും. ഇത്തരം കാലഘട്ടങ്ങളില്‍ ഗുരുവചനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്,”