യാത്രക്കാരിയുടെ ഷാൾ ഊരിക്കൊണ്ടുപോയ സംഭവത്തിൽ റെയിൽവേ ഉദ്യോഗസ്ഥക്കെതിരെ പരാതി
ട്രെയിൻ മാറിക്കയറിയ യാത്രക്കാരിയുടെ ഷാൾ ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥ ഊരിക്കൊണ്ടുപോയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും മുഖ്യമന്ത്രിക്കും യുവതിയുടെ പരാതി. ഉദ്യോഗസ്ഥക്കെതിരെ ഗുരുതര ആരോപണമാണ് യാത്രക്കാരി പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
ചുരിദാറിന്റെ ഷാൾ ഊരിക്കൊണ്ടുപോയ ഉദ്യോഗസ്ഥ രണ്ട് മണിക്കൂറിന് ശേഷമാണ് തിരിച്ചുതന്നതെന്നും ശരീരഭാഗങ്ങൾ മറക്കാൻ പറ്റാതെ വലിയ മാനസികപീഡനമനുഭവിച്ചതായും പരാതിയിൽ പറഞ്ഞു. പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അക്രമം കാട്ടുകയായിരുന്നു. തനിക്ക് റെയിൽവേ ഉദ്യോഗസ്ഥരിൽനിന്നോ പൊലീസിൽനിന്നോ നീതി ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
തിങ്കളാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ബാലുശ്ശേരി ചളുക്കിൽ നൗഷത്തിനാണ് ദുരനുഭവമുണ്ടായത്. തലശ്ശേരിയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് മെമു ട്രെയിനിൽ യാത്രചെയ്യാൻ ടിക്കറ്റ് എടുത്ത യുവതി ഇന്റർസിറ്റി എക്സ്പ്രസിൽ മാറിക്കയറുകയായിരുന്നു. ഇന്റർസിറ്റിക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പില്ലായിരുന്നു. കോഴിക്കോട്ട് ഇറങ്ങിയ യുവതിയുടെ ടിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥ മോശമായി പെരുമാറുകയും അക്രമം കാണിക്കുകയും ചെയ്തു എന്നാണ് പരാതി. ഒറ്റക്ക് യാത്രചെയ്ത് പരിചയമില്ലാത്തതിനാൽ വലിയ പരിഭ്രമത്തിലായിരുന്നുവെന്നും തന്നെ കേൾക്കാൻ ഉദ്യോഗസ്ഥ തയാറായില്ലെന്നും പരാതിയിൽ പറയുന്നു. എം.കെ. രാഘവൻ എം.പി, ബാലുശ്ശേരി എം.എൽ.എ സചിൻ ദേവ്, ജില്ല കലക്ടർ, വുമൺ പ്രൊട്ടക്ഷൻ ഫോറം, വനിത കമീഷൻ, മനുഷ്യാവകാശ കമീഷൻ എന്നിവർക്കും പരാതിയുടെ കോപ്പി അയച്ചിട്ടുണ്ട്.
അതേസമയം മതിയായ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി സ്വയം ഷാള്‍ ഊരിയെടുത്തുനല്കിയതാണെന്നാണ് റെയില്‍വേയുടെ വിശദീകരണം. മതിയായ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് യാത്രക്കാരിയോട് 280 രൂപ പിഴ അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവതി തന്നെ ഷാള്‍ വലിച്ചുപറച്ച് നല്‍കുകയായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്തിയതിന് യുവതിക്കെതിരേ ആര് പി എഫില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.