യാത്രാപ്രശ്‌നം രൂക്ഷമായ മുചുകുന്നില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഗ്രാമ വണ്ടിക്കായ് ജനകീയ ഒപ്പുശേഖരണം നടത്തി
യാത്രാപ്രശ്‌നം രൂക്ഷമായ മുചുകുന്നില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഗ്രാമ വണ്ടിക്കായ് ജനകീയ ഒപ്പുശേഖരണം നടത്തി. സി. പി. ഐ മുചുകുന്ന് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി മണ്ഡലം സെക്രട്ടറി അഡ്വ: എസ്. സുനില്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു.
സന്തോഷ് കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ഗവണ്‍മെന്റ് കോളജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത പ്രദേശത്ത് നിരവധി ബസുകള്‍ ഉണ്ടായിരുന്നതില്‍ പലതും ട്രിപ്പുമുടക്കുകയാണ്. ഇതുകാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സ്ത്രീകളും വിദ്യാര്‍ത്ഥികളും ആണ് . സി. പി. ഐ. ബ്രാഞ്ച് ആര്‍. ടി. ഒ. യ്ക്ക് മുമ്പ് ഇതു സംബന്ധിച്ച് പരാതി സമര്‍പ്പിച്ചിരുന്നു. ചില നടപടികള്‍ ഉണ്ടാവുകയും പിന്നീട് എല്ലാം പഴയതു പോലെ ആവുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതു ഗതാഗതസൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും ഗ്രാമ പ്രദേശങ്ങളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെ. എസ്. ആര്‍. ടി. സി ബസ് സര്‍വീസ് ആയ ‘ഗ്രാമവണ്ടി’ക്കായ് പഞ്ചായത്ത് മുന്‍ കൈയെടുക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറി എ. ടി. വിനീഷ്, പി. ഉണ്ണികൃഷ്ണന്‍, പി. കെ. മനോജ് എന്നിവര്‍ സംസാരിച്ചു.