KERALA
യുഎയിൽ മലയാളി ദമ്പതികൾക്ക് പൊള്ളലേറ്റു; യുവാവ് ഗുരുതരാവസ്ഥയിൽ
ദുബായ്> യുഎഇയിലെ ഉമ്മുല്‍ ഖ്‌വൈനില്‍ അപാര്‍ട്മെന്റിന് തീപ്പിടിച്ച് പൊള്ളലേറ്റ മലയാളി യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയായ അനില്‍ നൈനാനാ(32)ണ് അബുദാബിയിലെ മാഫ്റക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.തീപ്പിടിത്തത്തില്‍നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ 90 ശതമാനം പൊള്ളലേറ്റത്. ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ നീനു സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ദമ്പതിമാര്‍ക്ക് നാലു വയസ്സുള്ള മകനുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് അപകടം. അപ്പാര്‍ട്ട്മെന്റിന്റെ ഇടനാഴിയില്‍ സ്ഥാപിച്ച ഇലക്ട്രിക് ബോക്സില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ജോര്‍ദാന്‍ സ്വദേശിക്കും പൊള്ളലേറ്റു.
തീപിടുത്തമുണ്ടാകുമ്പോള്‍ നീനുവും കുഞ്ഞും അടുക്കളയിലായിരുന്നു. ഇതു കണ്ട് ഓടിയെത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് അനിലിനും പൊള്ളലേറ്റത്. അനിലിനെയും നീനുവിനെയും ആദ്യം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രിയിലും തുടര്‍ന്ന് അബുദാബി മാഫ്‌റക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ പൊള്ളലേറ്റ ജോര്‍ദാന്‍ സ്വദേശിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments