യുദ്ധഭീകരതയുടെ അനുഭവങ്ങളുമായി മെഡിക്കൽ വിദ്യാർത്ഥിനി ആതിര മേപ്പയ്യൂരിൽ തിരിച്ചെത്തി.
മേപ്പയ്യൂർ: ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലം കടന്ന്, യുദ്ധഭീകരതയും മനുഷ്യത്വവിരുദ്ധതയും അനുഭവിച്ച്, ദുരിതപർവ്വം താണ്ടി യുക്രൈനിൽ നിന്ന് മലയാളി വിദ്യാർത്ഥികൾ നാട്ടിലെത്തി. മേപ്പയ്യൂരിലെ വ്യാപാരിയായ അത്തിക്കോട്ട് ജയൻ,ശ്രീജിത ദമ്പതികളുടെ മകളായ ആതിരയാണ് വെള്ളിയാഴ് നാട്ടിലെത്തിയത്. ഡാനി ലോ ഹലസ്കി ലിവിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണിവർ.
റഷ്യ യുക്രൈന് മേൽ ആക്രമണം തുടങ്ങിയതിനെ തുടർന്ന്, ബങ്കറിലേക്ക് മാറാൻ നിർദ്ദേശം കിട്ടിയിരുന്നെങ്കിലും, മണിക്കൂറുകൾക്കകം പ്രദേശത്ത് നിന്ന് സുരക്ഷിത മേഖലയിലേക്ക് മാറണമെന്ന എംബസി നോട്ടീസ് ലഭിച്ചു. തുടർന്ന് ഹോസ്റ്റലിൽ താമസിക്കുന്ന മുപ്പതോളം വിദ്യാർത്ഥികൾ കാരവൻ സംഘടിപ്പിച്ച് പോളണ്ട് അതിർത്തിയിലേക്ക് പോവുകയായിരുന്നു എന്ന് ആതിര പറയുന്നു.
റാവാറുസ്ക മേഖലയിലെത്തിയെങ്കിലും സ്വന്തം വാഹനവുമായി വന്നവരെ മാത്രമേ അതിർത്തി കടത്തിവിടുകയുള്ളൂവെന്ന അധികൃതരുടെ നിലപാടിനെ തുടർന്ന് പ്രയാസത്തിലായി. ഇവർക്ക് പിന്നീട് പോളണ്ട് അതിർത്തി തന്നെയായ ഷെഹന്യ മെഡിക്കയിലേക്ക് പോകേണ്ടി വന്നു.
കയ്യിൽ കിട്ടിയ ബാഗും വസ്ത്രങ്ങളുമായി ജീവനു വേണ്ടി പാലായനം ചെയ്ത സംഘത്തിൽ മലയാളികൾ മാത്രമായിരുന്നില്ല. ഡൽഹി,ബിഹാർ ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുൾപ്പെടെ 30 പേർ ഉണ്ടായിരുന്നു.
വെള്ളിയാഴ്ച ആരംഭിച്ച ദുരിതയാത്രയിൽ ഇടക്കുവെച്ച് ഭക്ഷണവും വെള്ളവും തീർന്നതോടെ വലിയ പ്രയാസത്തിലായി. അതിർത്തിയിലെത്തി മൂന്ന് ഗേറ്റുകളിലെ നീണ്ട ക്യൂവും മറികടന്ന് തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് പോളണ്ടിലെത്തിയത്. രണ്ട് ദിവസങ്ങൾ കൊണ്ടാണ് പരിശോധനകൾ പൂർത്തികരിച്ചത്. ബോർഡറിൽ തിക്കിലും തിരക്കിലും പെട്ട് ക്യൂ തെറ്റിപ്പോയ വിദ്യാർത്ഥികൾക്കു നേരെ യുക്രൈൻ സൈനികർ മോശമായി പെരുമാറിയതായി വിദ്യാർത്ഥികൾ ആരോപിച്ചു.
സന്നിദ്ധഘട്ടങ്ങളിലെല്ലാം ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ ഫോൺ എടുക്കാൻ പോലും സന്നദ്ധമായില്ല. മാറി മാറി വിളിച്ചിട്ടും ആരും ഫോണെടുക്കാത്തതിലുള്ള സങ്കടവും രോഷവും വിദ്യാർത്ഥികൾ ഇന്ത്യൻ അധികൃതരെ അറിയിച്ചു. അതിർത്തി കടന്ന് പോളണ്ടിൽ കാലുകുത്തിയതോടെ കാര്യങ്ങൾ മാറി. സഹായഹസ്തവുമായി പോളണ്ടിലെ മലയാളി അസോസിയേഷൻ പ്രവർത്തകരെത്തി. 100 കിലോമീറ്റർ അകലെയുള നാല് സ്റ്റാർ ഹോട്ടലുകളിൽ താമസ സൗകര്യം ഒരുക്കിത്തന്നു.ഇന്ത്യാ ഗവൺമെൻ്റ് ഏർപ്പെടുത്തിയ രണ്ട് ഇൻഡിഗോ വിമാനങ്ങളിലാണ് അതിർത്തിയിലെത്തിയ വിദ്യാർത്ഥികളെ ദൽഹിയിലെത്തിച്ചത്. അവിടെ നിന്ന് കേരള ഗവൺമെൻ്റിൻ്റെ ചാർട്ടേർഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തി. ബുധനാഴ്ച രാത്രി 8.30 ന് കൊച്ചിയിൽ നിന്ന് കെ.എസ്.ആർ ടി സി ബസ്സുകളിൽ തിരുവനന്തപുരത്തേക്കും കാസർഗോഡേക്കും കൊണ്ടുപോവുകയായിരുന്നു. ആതിര ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.