CALICUTDISTRICT NEWS
യുവതിയുടെ ആരോഗ്യ നിലയിൽ പുരോഗതി ഒരാൾക്കുകൂടി കൊറോണ ലക്ഷണം

കോഴിക്കോട് : കൊറോണ ലക്ഷണങ്ങളോടെ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡിൽ ബുധനാഴ്ച രാവിലെയാണ് 38 വയസുകാരനെ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയിൽ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം രണ്ടായി.
ബിസിനസ് ആവശ്യാർഥം ഏതാനും ദിവസം മുമ്പ് യുവാവ് ഹോങ്കോങ്ങിൽ പോയിരുന്നു. ശക്തമായ പനിയും കഫക്കെട്ടും തളർച്ചയും വന്നതിനാൽ ബുധനാഴ്‌ച ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സ്രവങ്ങൾ പരിശോധനയ്‌ക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
അതേസമയം ബീച്ച് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യത്തിൽ പുരോഗതിയുള്ളതായി കൊറോണയുടെ ജില്ലാ നോഡൽ ഓഫീസർ ഡോ. സി ജെ മൈക്കിൾ പറഞ്ഞു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫലം വന്നാലേ രോഗം സ്ഥിരീകരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിൽ നിന്നെത്തിയ മൂഴിക്കൽ സ്വദേശി പനിയെത്തുടർന്ന് ബുധനാഴ്ച രാവിലെ മെഡിക്കൽ കോളേജിലെത്തിയിരുന്നു. ഇയാളുടെയും സാമ്പിളെടുത്ത് പരിശോധനയ്‌ക്ക് അയച്ച ശേഷം ഡിസ്ചാർജ്ജ് ചെയ്തു. കഴിഞ്ഞ ദിവസം ചൈനയിൽ നിന്നെത്തിയ മറ്റൊരു വിദ്യാർഥിയുടെ പിരിശോധനാഫലം നെഗറ്റീവാണ്.
Comments