CRIME
യുവതിയെ 12 തവണ കുത്തി, കഴുത്ത് സ്വയം മുറിച്ചു; അക്രമിയെ പിടിച്ചുമാറ്റി മലയാളി നഴ്സ്
മംഗളൂരു ∙ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് തുരുതുരാ കുത്തുകയും രക്ഷിക്കാൻ ശ്രമിച്ചവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും സ്വന്തം കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്ത പ്രതിയെ പിടിച്ചുമാറ്റി യുവതിക്ക് രക്ഷകയായ ആ മാലാഖ ആരാണ്?
2 ദിവസം മുൻപ് മംഗളൂരു ദർലക്കട്ട ബാഗംബിലയ്ക്കു സമീപം നടന്ന സംഭവത്തിന്റെ വിഡിയോ വൈറലായപ്പോൾ കണ്ടവരെല്ലാം ചോദിച്ചത് ഈ ചോദ്യമായിരുന്നു. യുവതിയെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് കണ്ണൂർ പയ്യാവൂരിലെ കുളക്കാട്ട് നിമ്മി സ്റ്റീഫനിൽ. ദർലക്കട്ട ജസ്റ്റിസ് കെ.എസ്.ഹെഗ്ഡെ ആശുപത്രി അത്യാഹിത വിഭാഗത്തിലെ സ്റ്റാഫ് നഴ്സാണ് നിമ്മി.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കാർക്കള നിട്ടെ കോളജ് എംബിഎ വിദ്യാർഥിനിയെ സുഹൃത്തായ മംഗളൂരു ശക്തിനഗർ രമാശക്തി മിഷനു സമീപത്തെ ഡാൻസ് കൊറിയോഗ്രഫർ സുശാന്താണു (28) കൊലപ്പെടുത്താൻ ശ്രമിച്ചത്.
വീടിനു സമീപം ബസിറങ്ങി നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ 12 തവണ കുത്തിയ ഇയാൾ സ്വന്തം കഴുത്തിലും മുറിവേൽപിച്ചു. ചോര പുരണ്ട കത്തി വീശി നാട്ടുകാരെ ഭീഷണിപ്പെടുത്തി. നാട്ടുകാർ വിളിച്ചതിനെ തുടർന്ന് ജസ്റ്റിസ് കെ. എസ്. ഹെഗ്ഡെ ആശുപത്രിയിൽ നിന്ന് ആംബുലൻസ് അയച്ചു. അടിയന്തര ശുശ്രൂഷ നൽകാൻ നിമ്മിയെ ആംബുലൻസിൽ നിയോഗിക്കുകയും ചെയ്തു.
നാട്ടുകാർ ഭയന്നു പകച്ചു നിൽക്കുമ്പോൾ സ്വന്തം ജീവനെ കുറിച്ചു ചിന്തിക്കാതെ കത്തിയുമായി നിൽക്കുന്ന സുശാന്തിന്റെ അടുത്തേക്കു നിമ്മി ചെന്നു. നാട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിമ്മി അതൊന്നും കേട്ടതേയില്ല.
അടുത്തു ചെന്നതോടെ, റോഡിൽ വീണു രക്തം വാർന്നു പിടയുന്ന പെൺകുട്ടിയുടെ ദേഹത്ത് കത്തിയുമായി കിടന്നു സുശാന്ത് ഭീഷണി മുഴക്കി. കൂസലിലാതെ അയാളെ നിമ്മി വലിച്ചു മാറ്റിയതോടെ നാട്ടുകാരും സഹായവുമായി വന്നു. ഇവർ പെൺകുട്ടിയെ ആംബുലൻസിലേക്കു മാറ്റി.
സുശാന്തനെ നാട്ടുകാർക്കു കൈമാറി നിമ്മി ആംബുലൻസിൽ യുവതിക്ക് അടിയന്തര ശുശ്രൂഷ നൽകി. ഇതിനിടെ ആശുപത്രിയിൽ വിളിച്ച് ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തിയതിനാൽ അവിടെത്തുമ്പോൾ എല്ലാം സജ്ജമാക്കിയിരുന്നു.പെൺകുട്ടിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. കഴുത്തു മുറിച്ച സുശാന്തിന്റെ സ്ഥിതി ഗുരുതരമല്ല.
നിട്ടെ കൽപിത സർവകലാശാല റജിസ്ട്രാർ അൽക്ക കുൽക്കർണിയും നാട്ടുകാരുമെല്ലാം നിമ്മിയുടെ ധീരതയെ അഭിനന്ദിച്ചു. നിമ്മിക്ക് അഭിനന്ദനക്കത്തും നൽകി.
Comments