KERALA
യുവ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടു പോയതായി പരാതി
യുവ സംവിധായകൻ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടു പോയതായി പരാതി. പാവറട്ടിയിൽ വെച്ചാണ് തട്ടിക്കൊണ്ടു പോയത്. പുലർച്ചെയാണ് സംഭവം. സംഭവത്തിൽ പേരാമംഗലം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് നിഷാദ്.
ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപത്തു വെച്ച് പുലർച്ചെയാണ് സംഭവം. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യക്കും അക്രമികളുടെ മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ വിപ്ലവം ജയിക്കാനുള്ളതാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂർക്കു പോവുമ്പോഴായിരുന്നു ആക്രമണം. കാറിലായിരുന്നു നിഷാദും ഭാര്യയും. പാവറട്ടി എത്തുന്നതിനിടയിൽ മറ്റൊരു കാറിലെത്തിയ സംഘം കാറിനെ മറികടന്നു നിറുത്തി അക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. മർദിച്ചു അവശനാക്കിയ നിഷാദിനെ സംഘം വന്നിരുന്ന കാറിൽ കയറ്റിക്കൊണ്ടു പോയി. സ്ഥലത്ത് നിന്നും ഭാര്യയാണ് വീട്ടിലും സുഹൃത്തുക്കളെയും വിവരമറിയിച്ചത്.
മുൻ നിർമാതാവ് സിആർ രൺദേവ് ആണ് ആക്രമണത്തിന് പിന്നിലെന്ന് നിഷാദിന്റെ ഭാര്യ പ്രതീക്ഷ പറയുന്നു. മാസ്‌ക്ക് ധരിച്ച മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. മുൻപും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഭാര്യ കൂട്ടിച്ചേർത്തു.
തൃശൂർ നഗരത്തിന്റെ തിരക്കിൽ രണ്ട് മണിക്കൂർ കൊണ്ട് ചിത്രീകരിച്ച വിപ്ലവം ജയിക്കട്ടെ എന്ന സിനിമ റെക്കോർഡും നേടിയിരുന്നു. ആയിരത്തിലേറെ അഭിനേതാക്കളും നാല് ഫൈറ്റ് രംഗങ്ങളും 8 ഗാനരംഗങ്ങളും 4 ഫ്‌ളാഷ് ബാക്ക് സീനുകളുമൊക്കെയായിട്ടായിരുന്നു രണ്ട് മണിക്കൂർ കൊണ്ട് ഒറ്റഷോട്ടിൽ നിഷാദ് സിനിമ ഒരുക്കിയിരുന്നത്. ചിത്രത്തിൽ നിഷാദും അഭിനയിച്ചിരുന്നു.
Comments