KERALA
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമം; പ്രതി ശിവരഞ്ജിത്തിനെതിരെ മോഷണക്കേസും വ്യാജരേഖാ കേസും
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനെതിരെ രണ്ടു കേസുകൾ കൂടി എടുത്തു. മോഷണക്കേസും വ്യാജ രേഖ കേസുമാണ് പൊലീസ് പുതിയതായി എടുത്തത്. സർവകലാശാല ഉത്തരപേപ്പർ മോഷ്ടിച്ചതിനും, ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലുണ്ടാക്കിയതിനുമാണ് കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
അതേസമയം അറിയാവുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതിയാണ് പിഎസ്‌സി പൊലീസ് റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് നേടിയതെന്ന് ശിവരഞ്ജിത് മൊഴി നൽകി. പരീക്ഷയിൽ 55 ചോദ്യങ്ങൾക്ക് ഉത്തരമറിയാമായിരുന്നു, ബാക്കിയുള്ളത് ഊഹിച്ചെഴുതിയതാണെന്നും ശിവരഞ്ജിത് പൊലീസിനോട് പറഞ്ഞു. പഠിച്ചാണ് പിഎസ്‌സി പരീക്ഷയെഴുതിയതെന്ന് നസീമും മൊഴി നൽകി.
അതേസമയം സംഘർഷത്തിനിടെ തന്നെ കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിൽ ഇന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. യൂണിറ്റ് സെക്രട്ടറി നസീം തന്നെ പിടിച്ചു നിർത്തിക്കൊടുത്തെന്നും ശിവരഞ്ജിത്ത് കുത്തിയെന്നുമാണ് അഖിൽ മൊഴി നൽകിയത്. ഇരുവർക്കും തന്നോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്നും അഖിലിന്റെ മൊഴിയിലുണ്ട്.
തന്നോട് പാട്ടുപാടരുതെന്നും ക്ലാസിൽ പോകണമെന്നും യൂണിറ്റ് കമ്മിറ്റിയിലെ ചിലർ ആവശ്യപ്പെട്ടിരുന്നു. യൂണിറ്റ് കമ്മിറ്റിയുടെ നിർദേശം അനുസരിക്കാത്തതിന് തനിക്കെതിരെ വിരോധമുണ്ടായിരുന്നെന്നും അഖിൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കാനെത്തിയത്. തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖിൽ നേരത്തെ ഡോക്ടർക്ക് മൊഴി നൽകിയിരുന്നു.
Comments