രക്ഷിതാവിനോടുളള വിരോധത്തിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി
കോഴിക്കോട്: കോഴിക്കോട് സ്വദേശിയും സെന്‍റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിലെ മുന്‍ പിടിഎ പ്രസിഡണ്ടുമായ അനൂപ് ഗംഗാധരനാണ് സ്കൂളിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സെന്‍റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിൽ ഒന്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ എ ആര്‍ മാധവനെ സ്കൂള്‍ റോളില്‍ നിന്ന് നീക്കം ചെയ്യുന്നതിന് മുന്നോടിയായി ഹെഡ് മാസ്റ്റര്‍ രക്ഷിതാവായ അനൂപ് ഗംഗാധരന് കത്ത് അയച്ചിരുന്നു. ക്രിക്കറ്റ് പരിശീലനത്തിന്‍റെ പേരില്‍ തുടര്‍ച്ചയായി അവധിയായതിനെ തുടര്‍ന്നാണ് കുട്ടിയെ പുറത്താക്കിയതെന്നാണ് മാനേജ്മെന്‍റിന്‍റെ വീശദീകരണം. 15 പ്രവര്‍ത്തി ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ക്ളാസില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടിയിലേക്ക് നീങ്ങുന്നതെന്നും കത്തില്‍ പറയുന്നു. എന്നാല്‍ തന്നോടുളള വ്യക്തിവിരോധനം തീര്‍ക്കാന്‍ കുട്ടിയെ പുറത്താക്കി എന്നാണ് രക്ഷിതാവായ അനൂപിന്‍റെ ആരോപണം.
പിടിഎ പ്രസിഡണ്ടായിരിക്കെ അമിതമായി ഡൊണേഷന്‍ വാങ്ങിക്കുന്നതടക്കം താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ മനേജ്മെന്‍റിനെ ചൊടിപ്പിച്ചിരുന്നു. ആസൂത്രിതമായി പിടിഎ സ്ഥാനത്തു നിന്ന് തന്നെ പുറത്താക്കിയതിനു പിന്നാലെയാണ് മകനെയും പുറത്താക്കുന്നതെന്ന് അനൂപ് ഗംഗാധരന്‍ ആരോപിച്ചു. എന്നാല്‍ പിടിഎ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് അനൂപിനെ നീക്കിയതും കുട്ടിയെ റോളില്‍ നിന്ന് നീക്കിയതുമായി ബന്ധമില്ലെന്ന് സ്കൂള്‍ മാനേജ്മെന്‍റ് വിശദീകരിക്കുന്നു.