രണ്ടായിരം രൂപ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റി നല്‍കിത്തുടങ്ങി
ബാങ്കുകളില്‍ രണ്ടായിരം രൂപ നോട്ടുകള്‍ മാറ്റി നല്‍കിത്തുടങ്ങി. എസ് ബി ഐയടക്കമുള്ള ചില ബാങ്കുകള്‍ ഫോണ്‍ നമ്പര്‍ മാത്രം ആവശ്യപ്പെടുമ്പോള്‍ മറ്റു ചില ബാങ്കുകള്‍ നോട്ട് മാറാന്‍ വരുന്നവരോട് തിരിച്ചറിയല്‍ രേഖയോ രേഖയുടെ നമ്പറോ ആവശ്യപ്പെടുന്നുണ്ട്.
ആദ്യദിവസമായതിനാല്‍ തന്നെ ബാങ്കുകളില്‍ അത്രതിരക്ക് അനുഭവപ്പെട്ടില്ല. ഓരോ ബാങ്കിലും സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോട്ട് മാറാനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതില്ലെന്നാണ് അറിയിച്ചിരുന്നതെങ്കിലും പലയിടത്തും നോട്ട് മാറ്റിവാങ്ങാനെത്തുന്നവരുടെ പേരും ഫോണ്‍ നമ്പരും രേഖപ്പെടുത്തേണ്ടിവന്നു.
അതേസമയം ചില ബാങ്കുകള്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. തണലുള്ള കാത്തിരിപ്പ് സ്ഥലം, കുടിവെള്ളം എന്നിവയുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം സമയം നീട്ടി നല്‍കുന്നതില്‍ ആര്‍.ബി.ഐ തീരുമാനമെടുക്കും.