രണ്ടുവയസ്സുള്ള കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിനുള്ളിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ മലയാളിയായ പിതാവ് പിടിയിൽ
രണ്ടുവയസ്സുള്ള സ്വന്തം കുഞ്ഞിനെ ഉപയോഗിച്ചാണ് മലയാളിയായ പിതാവ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കാസർകോട്ടുകാരനായ യുവാവിനെ മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ അറസ്റ്റുചെയ്തു.
.കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിനുള്ളിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. 21 മാസം പ്രായമുള്ള കുട്ടിയുടെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സ്‌കാനിങിനിടെയായിരുന്നു സ്വർണം കണ്ടെത്തിയത്. പിതാവും കുഞ്ഞും ദുബായിൽ നിന്നും എത്തിയതായിരുന്നു. പിതാവിനെ ചോദ്യം ചെയ്തതിനുപിന്നാലെ ഇയാളുടെ ശരീരത്തിനുള്ളിൽനിന്നും പശരൂപത്തിലാക്കിയ സ്വർണവും കണ്ടെത്തി.
1.350 കിലോ സ്വർണമാണ് പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് 76 ലക്ഷം രൂപയോളം വിലവരും. കേസിൽ കുഞ്ഞ് ഉൾപ്പെട്ടതിനാൽ മറ്റു വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.