രണ്ടു മാസമായി മുടങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസി ശമ്പള കുടിശ്ശിക ഇന്നു മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: രണ്ടു മാസമായി മുടങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസി ശമ്പള കുടിശ്ശിക ഇന്നു മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. ഇന്നുമുതല്‍ രണ്ടുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തുടര്‍ ചര്‍ച്ചകൾ നടത്തുമെന്നും, സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.
‘പൊതുഗതാഗത സംവിധാനം രാജ്യമെമ്പാടും പ്രതിസന്ധി നേരിടുകയാണ്. കൊവിഡ് മഹാമാരിയും അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയും അതിന് കാരണമാണ്. ഇന്ധനക്കമ്പനികള്‍ ബസ് പർച്ചേസിങ്ങിന് നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ അപ്പാടെ നിഷേധിച്ചതും കെഎസ് ആര്‍ടിസിയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടി’, ആന്റണി രാജു പറഞ്ഞു.
‘എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷം പെന്‍ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ ഒരാള്‍ക്കു പോലും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ല എന്നതൊരു വസ്തുതയാണ്. ജൂണ്‍ മാസം വരെയുള്ള പെന്‍ഷന്‍ ഇതുവരെ കൊടുത്ത് തീര്‍ത്തിട്ടുണ്ട്. ജൂലൈ, ആഗസ്റ്റ് മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യേണ്ടത്. പുതിയ എംഒ ഒപ്പിടുന്നതിനുള്ള കാല താമസമാണ് ഈ കാലഘട്ടത്തിലുണ്ടായത്. ഇപ്പോള്‍ രണ്ടുമാസത്തെ പെന്‍ഷന്‍ ഒന്നിച്ചു വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇന്നു മുതല്‍ രണ്ടുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യും’, ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സര്‍ക്കാരാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. യുഡിഎഫ് ഭരണ കാലത്ത് പെന്‍ഷന്‍ ലഭിക്കാതെ നിരവധി പേര്‍ ആത്മഹത്യ ചെയ്തു. എല്‍ഡിഎഫ് ഭരണകാലത്ത് അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.