രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജ്
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. കേരളം 3200 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി ചെലവഴിച്ചത്. മിതമായ നിരക്കില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് 70% ആളുകളും ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗീസൗഹൃദ അന്തരീക്ഷം ഉണ്ടാകണമെന്നതാണ് ആര്‍ദ്രം പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ മേഖലയില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് മാത്രമായി കോഴിക്കോട് ആശുപത്രി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ചെറുവണ്ണൂര്‍-നല്ലളം കുടുംബാരോഗ്യ കേന്ദ്രം കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്.
ഉദ്ഘാടന ചടങ്ങില്‍ മുന്‍ എംഎല്‍എയും വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയുമായ വികെസി മമ്മദ് കോയ വിശിഷ്ടാതിഥിയായി. ഈ ആരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നാടൊന്നിച്ച് ചേര്‍ന്ന് രംഗത്തുവന്നത് സമൂഹത്തിന് മഹനീയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, എം കെ രാഘവന്‍ എം പി, എന്നിവര്‍ മുഖ്യാതിഥികളായി.