രാജ്യത്ത് കൊവിഡിന്റെ നാലാം തരംഗമില്ലെന്ന് വ്യക്തമാക്കി ഐ സി എം ആർ
കൊവിഡ് കേസുകളിൽ നിലവിലുണ്ടാകുന്ന വർദ്ധനവിനെ നാലാം തരംഗമായി കാണാനാകില്ലെന്ന് ഐ.സി.എം.ആർ അഡിഷണൽ ഡയറക്ടർ ജനറൽ സമിരൻ പാണ്ഡ പറഞ്ഞു. രാജ്യത്ത് ജില്ലാ തലങ്ങളിൽ കൊവിഡ് കണക്കുകളിൽ ചില കുതിപ്പ് കാണപ്പെടുന്നത് ഒരു തരംഗത്തിന്റെ ലക്ഷണമായി കാണാനാകില്ല.
രാജ്യത്ത് ചില പ്രദേശത്ത് മാത്രം കാണുന്ന വ്യതിയാനമായി ഇത് ഒതുങ്ങി നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു. പ്രാദേശിക തലങ്ങളിൽ മാത്രമാണ് കൊവിഡ് കുതിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നതാണ് തരംഗമില്ലെന്നതിന് ഒരു കാരണം.
ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണ് ഈ ഒരു വ്യതിയാനത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഈ കൊവിഡ് കുതിപ്പ് കാണാനുമില്ലെന്നതാണ് രണ്ടാമത്തെ കാരണം. മൂന്നാമതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കൊവിഡ് കൂടുന്നതിനനുസരിച്ച് ഹോസ്പിറ്റൽ അഡ്മിഷൻ വർദ്ധിക്കുന്നില്ല എന്നതാണ്. ഇത് വരെയും പുതിയ വകഭേദം കണ്ടെത്താനാകാത്തത് നാലാമത്തെ കാരണമായും അദ്ദേഹം വ്യക്തമാക്കുന്നു. ഈ നാല് കാരണങ്ങൾ തന്നെ ഇന്ത്യയിൽ നാലാം തരംഗമില്ലെന്നതിന്റെ ഉദാഹരണങ്ങളാണെന്ന് പാണ്ഡ വിശദീകരിക്കുന്നു