KERALA
രാജ്യത്ത് ഭീകരാവസ്ഥ: എം മുകുന്ദൻ

അങ്ങേയറ്റം അപകടകരമായ പൗരത്വ നിയമ ഭേദഗതി പിൻവലിച്ച് രാജ്യത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കണമെന്ന് സാഹിത്യകാരൻ എം മുകുന്ദൻ. രാജ്യത്തിന്റെ വലിയ നേട്ടം ജനാധിപത്യ, മതേതര മൂല്യങ്ങളാണ്. എല്ലാ വിപത്തുകളിൽനിന്നും നമ്മെ രക്ഷിക്കുന്നതാണ് മതേതരത്വം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അടിയന്തരാവസ്ഥക്കു ശേഷമുള്ള ഭീകരമായ അവസ്ഥയാണ് ഇപ്പോഴത്തേതെന്നും എം മുകുന്ദൻ പറഞ്ഞു. പുരോഗമന കലാ, സാഹിത്യസംഘം മാഹി ടാഗോർ പാർക്കിൽ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമം സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വബില്ലിനെതിരെ ലോകമാകെ പ്രതിഷേധം ആളിക്കത്തുകയാണ്. ഓക്സ്‌ഫഡ്, ഹാർവാഡ് സർവകലാശാലകളിലും അധ്യാപകരും വിദ്യാർഥികളും തെരുവിലിറങ്ങി. അതിരുകൾ കടന്ന് പ്രക്ഷോഭം വളരുകയാണ്. ഇന്ത്യയിൽ എന്ത് സംഭവിച്ചാലും സാധാരണഗതിയിൽ അമേരിക്കൻ പത്രങ്ങൾ ഒരു മൂലയിൽ വാർത്ത ഒതുക്കാറാണ് പതിവ്. ഈ പ്രക്ഷോഭം ഒന്നാംപേജിൽ പ്രധാന്യത്തിൽ നൽകുന്നു. ന്യൂയോർക്കിലെ ഒരു പത്രം ആറ് പേജിലാണ് ചിത്രങ്ങളും വാർത്തകളും നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments