CALICUTDISTRICT NEWSMAIN HEADLINES

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ വിതരണം തുടങ്ങി


കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ വിതരണം തുടങ്ങി. രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍ പ്രയോജനപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിച്ചാണ് ജില്ലാ പഞ്ചായത്ത് ജില്ലയിലാകെ മരുന്നുകള്‍ വിതരണം ചെയ്യുന്നത്.

ഹോമിയോ മരുന്ന് നല്‍കുന്നതിന്റെ ജില്ലാതല ഉല്‍ഘാടനം ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് കെ.തങ്കമണിക്ക് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. ഒരു പഞ്ചായത്തില്‍ 5000 ഗുളികകള്‍ വീതം ജില്ലയിലെ എഴുപത് പഞ്ചായത്തുകളിലായി 35000 ഗുളികകളാണ് ആദ്യഘട്ടത്തില്‍ നല്‍കുക. കൂടുതല്‍ ആവശ്യമായി വന്നാല്‍ രണ്ടാംഘട്ടത്തിലും ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കും. ഓരോ ഗ്രാമ പഞ്ചായത്തുകളിലെ ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍ മുഖേനയാണ് തെരഞ്ഞെടുത്ത വാര്‍ഡുകളില്‍ പദ്ധതി നടപ്പിലാക്കുക. ജില്ലാ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഡിസ്പ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍മാര്‍ മുഖേന ഗ്രാമ പഞ്ചായത്താണ് വിതരണ സംവിധാനം രൂപപ്പെടുത്തേണ്ടത്. ഡിഎംഒ ഡോ. സി. പ്രീത, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ: കെ.മുഹമ്മദ് അക്ബര്‍, ഡോ.രത്‌നകുമാരി, ഡോ: മുഹമ്മദ് സലീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹോമിയോ മരുന്നുകള്‍ക്ക് പുറമേ ആയുര്‍വ്വേദ രോഗ പ്രതിരോധ മരുന്നും ജില്ലാ പഞ്ചായത്ത് വിതരണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദിന് മരുന്ന് നല്‍കി ആയുര്‍വ്വേദ രോഗ പ്രതിരോധ മരുന്ന് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉല്‍ഘാടനം ചെയ്തു. കോറോണ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ പരമാവധി പ്രതിരോധശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇത് പ്രയോജനപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അഭ്യര്‍ഥിച്ചു. ഡിഎംഒ ഡോ: മുഹമ്മദ് മന്‍സൂര്‍, നാഷനല്‍ ആയുഷ്മിഷന്‍ ഡിപിഎം ഡോ.സുഗേഷ് എന്നിവരും പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button