രോഗിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജ് ആശുപത്രിയിലേതല്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്
ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ കോഴിക്കോട് മെഡി. കോളേജിലെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തു വന്നു. രോഗിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജ് ആശുപത്രിയിലേതല്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. പിഴവൊന്നും പറ്റിയിട്ടില്ല. ആശുപത്രിയിലെ ഉപകരണങ്ങളൊന്നും നഷ്ടമായില്ലെന്ന് കണക്കെടുപ്പിൽ വ്യക്തമായെന്നും അന്വേഷണത്തിൽ മനസ്സിലായെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലെ ഉളളടക്കം. അറ്റം കൂർത്ത ഉപകരണം ശസ്ത്രക്രിയയിൽ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് ആരോഗ്യമന്ത്രി ചുമതലപ്പെടുത്തിയ പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. 2017ലാണ് പ്രസവ ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. ഗുരുതര പിഴവ് വാര്‍ത്തയായതിനെ തുടർന്നാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.