Uncategorized

രോഗിയുമായി വന്ന ആംബുലൻസ് തടസപ്പെടുത്തിയതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു

മലപ്പുറം: രോഗിയുമായി വന്ന ആംബുലൻസ് തടസപ്പെടുത്തിയതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. വളാഞ്ചേരി കരേക്കാട് വടക്കേപ്പീടിയേക്കൽ ഖാലിദ്(33) ആണ് മരിച്ചത്. കാർ യാത്രക്കാരനാണ് ആംബുലൻസിനെ വഴിയിൽ പിന്തുടർന്ന് ആശുപത്രിയിൽ എത്തി, സംഭവം കയ്യാങ്കളിയിലെത്തിച്ചത്. തർക്കത്തിൽ പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ പാങ്ങ് വലിയപറമ്പിൽ അബ്ദുൽ അസീസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് 12.45നാണ് സംഭവമുണ്ടായത്. വാഹന ഷോറൂമിൽ എത്തിയ ഖാലിദിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അങ്ങാടിപ്പുറം മേൽപാലത്തിൽ ആംബുലൻസിനു മുൻപിൽ കാർ തടസം ഉണ്ടാക്കിയെന്നാണ് പരാതി.

ആദ്യം വഴിയിൽ വെച്ച് കാർ യാത്രക്കാരനും ആംബുലൻസ് ഡ്രൈവറും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ആശുപത്രിയിലേക്ക് പിന്തുടർന്നെത്തിയ കാർ യാത്രക്കാരൻ ആംബുലൻസ് ഡ്രൈവറെ കയ്യേറ്റം ചെയ്തു. ഇതിനിടെ രോഗിയെ കൊണ്ടുപോകാനായി ആശുപത്രി ജീവനക്കാർ സ്ട്രെച്ചറുമായി എത്തിയെങ്കിലും തർക്കത്തിന് ശേഷമാണ് രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. അല്പസമയത്തിന് ശേഷം മരിക്കുകയും ചെയ്തു.

സംഭവത്തിൽ ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം തിരൂർക്കാട് സ്വദേശിയായ കാർ ഉടമ പരാതി നിഷേധിച്ചു. സംഭവസമയത്ത് താൻ കാറിലുണ്ടായിരുന്നില്ലെന്നും സൈക്കിളിൽനിന്നു വീണു പരുക്കേറ്റ മകനുമായി അയൽവാസിയും ജ്യേഷ്ഠനും മറ്റും ആശുപത്രിയിലേക്ക് പോകുമ്പോഴാണ് സംഭവമെന്നുമാണ് കാർ ഉടമ പറഞ്ഞത്. ഖാലിദിന്റെ കബറടക്കം ഇന്ന് വടക്കുംപുറം പഴയ ജുമാഅത്ത് പള്ളിയി‍ൽ നടക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button