റംസാനിലെ ആദ്യ വെള്ളിയാഴ്ചയിൽ പള്ളികളിലേക്ക് കൂട്ടത്തോടെ മുസ്ലീം മത വിശ്വാസികൾ ഒഴുകി എത്തി
കൊയിലാണ്ടി: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള റംസാനിലെ ആദ്യ വെള്ളിയാഴ്ച പള്ളികളിൽ അഭൂതപൂർവ്വമായ തിരക്കാണനുഭവപ്പെട്ടത്. മുസ്ലീം മതവിശ്വാസികൾ കൂട്ടത്തോടെ നേരത്തെ തന്നെ ജുമാ നമസ്കാരത്തിനായി പള്ളികളിലേക്ക് ഒഴുകിയെത്തി. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് പശ്ചാത്തലത്തിൽ പള്ളികളിൽ വിശ്വാസികൾക്ക് പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. വിരലിലെണ്ണാവുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. എന്നാൽ ഈ വെള്ളിയാഴ്ച പള്ളികളിൽ അത്തരം നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. സാമൂഹ്യ അകലം, മാസ്ക്, ശരീരശുദ്ധി വരുത്തൽ തുടങ്ങിയ കരുതലുകൾക്ക് പലയിടത്തും ഇളവുണ്ടായിരുന്നില്ല.
മൊഹിയുദ്ദീൻ ധാരിമിയാണ് കൊയിലാണ്ടി ജുമാഅത്ത് പള്ളിയിൽ സമസ്കാര ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തത്. ജുമാ മസ്ജിദിൽ അബ്ദുൾ ഖാദർ ധാരിമി കൊടുവള്ളിയും അരാധനാച്ചടങ്ങുകൾക്ക് നേതൃത്വം നൽകി. മറ്റ് പള്ളികളിൽ പണ്ഡിതശ്രേഷ്ടന്മാരും പുരോഹിതരും പ്രാർത്ഥനാച്ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പരിശുദ്ധ ഖുറാൻ അവതരിച്ച മാസമാണ് റംസാൻ . പത്തു ദിവസങ്ങളടന്നുന്ന മൂന്ന് ഭാഗങ്ങളായി റംസാൻ മാസത്തെ തിരിച്ചിട്ടുണ്ട്. ഇതിന് റഹ്മ (ദൈവകൃപ) മഗ്ഫിറ (പാപമോചനം) നിജാദ് (നരകവിമുക്തി ) എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു. ഇതിൽ റഹ്മയിൽ ഇത്തവണ ഒറ്റ വെള്ളിയാഴ്ച മാത്രമേയുള്ളൂ. അതുകൊണ്ട് ഈ ദിവസത്തെ പ്രാർത്ഥനക്ക് പ്രാധാന്യവും പുണ്യവും ഏറെയാണ്. അതുകൊണ്ട് കൂടിയാണ് മുസ്ലിം മത വിശ്വാസികൾ ഒന്നടങ്കം പള്ളികലേക്ക് ഒഴുകി എത്തിയത്.