Uncategorized

റവന്യു വകുപ്പിന്റെ പ്രവാസി പോർട്ടലും ഹെൽപ് ഡെസ്കും ഒരുങ്ങുന്നു

റവന്യു വകുപ്പിന്റെ പ്രവാസി പോർട്ടലും ഹെൽപ് ഡെസ്കും ഒരുങ്ങുന്നു.  ഇതുവഴി പ്രവാസികൾക്ക് വിദേശത്തിരുന്ന് നാട്ടിലെ ഭൂമി ഇടപാടുകൾ നടത്താനാകും. ഇതിനായി പ്രത്യേക പോർട്ടൽ അടുത്ത മാസം ആരംഭിക്കും. വിദേശത്തിരുന്നു പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. വില്ലേജ് ഓഫിസിൽ അന്വേഷണം നടത്തി പരാതിയിൽ പരിഹാരം കണ്ടെത്തി മറുപടിയും ഡാഷ് ബോർഡിൽ തന്നെ നൽകും. ഫയൽ ട്രാക്ക് ചെയ്യുന്നതിനും പോർട്ടലിൽ സംവിധാനം ഉണ്ടാകും.

റവന്യു മന്ത്രിയുടെ ഓഫിസ് മുതൽ വില്ലേജ് ഓഫിസ് വരെ പ്രത്യേക ഓഫിസർമാർക്കു ചുമതല നൽകിയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ ഇതിനായി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക ഓഫിസർമാരുടെ  സംഘം രൂപീകരിക്കാൻ നടപടിയായി. ജില്ലകളിൽ ഒരു ഡെപ്യൂട്ടി കലക്ടർക്കായിരിക്കും ചുമതല. താലൂക്കിൽ ഡെപ്യൂട്ടി തഹസിൽദാർമാർ നേരിട്ടു ഇ-ഫയലുകൾ നോക്കും. മാസത്തിൽ ഒരു തവണ മന്ത്രി നേരിട്ടു പോർട്ടലിലെ പരാതികൾ വിശകലനം ചെയ്യും. 

ഭൂമി സംബന്ധിച്ച ഓൺലൈൻ സേവനങ്ങൾക്കുള്ള റവന്യു പോർട്ടലും ഭൂമി രജിസ്‌ട്രേഷനു വേണ്ടി രജിസ്‌ട്രേഷൻ വകുപ്പ് ഉപയോഗിക്കുന്ന പോർട്ടലും തമ്മിൽ സംയോജിപ്പിക്കുന്ന നടപടികൾ ഫെബ്രുവരിയിൽ പൂർത്തിയാകും. ഭൂമി രജിസ്‌ട്രേഷൻ നടന്നു കഴിഞ്ഞാൽ പോക്കുവരവു ചെയ്യാൻ പ്രമാണവുമായി വില്ലേജ് ഓഫിസിലേക്കു പോകേണ്ടതില്ല.

രജിസ്‌ട്രേഷൻ പോർട്ടലിൽ രജിസ്‌ട്രേഷൻ കഴിഞ്ഞാൽ അടുത്ത പടിയായി റവന്യൂ വകുപ്പിന്റെ പോർട്ടലിലേക്ക് പോക്കുവരവിനായി ചെല്ലും. പോക്കുവരവും കരം ഒടുക്കലും ഉൾപ്പെടെ 9 സേവനങ്ങൾ റവന്യു പോർട്ടലിൽ ലഭ്യമാണ്. ഭൂമിയുടെ ഡിജിറ്റൽ സർവേ പൂർത്തിയായാൽ ഇ മാപ്പ് പോർട്ടൽ കൂടി ചേർത്ത് 3 പോർട്ടലുകളും ഒരുമിച്ച് കൊണ്ടുവരും. സർവേ നമ്പർ നൽകിയാൽ ഭൂമിയുടെ മാപ്പ് എവിടെയിരുന്നും ആർക്കും കണ്ടെത്താൻ കഴിയും വിധമാണ് സംവിധാനം. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button