റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി ജോ ബൈഡൻ
വാഷിങ്ടൻ :അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്നിൽ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. നാറ്റോ സഖ്യവും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്നും തടയേണ്ടതാണെന്നും ബൈഡൻ പറഞ്ഞു.
നാറ്റോ സഖ്യത്തിന്റെ പരിധിയിലുള്ള ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നും യുക്രെയ്നിൽ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ പരാജയപ്പെടുമെന്നും ബൈഡൻ പറഞ്ഞു. യുക്രെയ്നെതിരെ റഷ്യ രാസായുധം പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയ ബൈഡൻ, അപ്രകാരം ചെയ്താൽ റഷ്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പ് നൽകി. റഷ്യൻ ആക്രമണത്തിനെതിരെ നാറ്റോ ഇടപെടണമെന്ന് യുക്രെയ്ൻ ആവശ്യമുന്നയിക്കുന്നതിനിടെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്.
ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ശനിയാഴ്ച 17-ാം ദിവസത്തിലേക്കു കടന്നു.
അതേസമയം, മെലിറ്റോപോള്‍ നഗരത്തിന്റെ മേയറെ റഷ്യന്‍സൈന്യം തട്ടിക്കൊണ്ടുപോയെന്ന് യുക്രൈന്‍. മേയര്‍ ഇവാന്‍ ഫെഡൊറോവിനെ വെള്ളിയാഴ്ച റഷ്യന്‍സൈന്യം തട്ടിക്കൊണ്ടുപോയെന്ന് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് യുക്രൈന്‍ പാര്‍ലമെന്റ് അറിയിച്ചത്. യുക്രൈന്റെ തെക്കുഭാഗത്തുള്ള നഗരമാണ് മെലിറ്റോപോള്‍.