റെഡ് സെല്യൂട്ട്; റെഡ് സെല്യൂട്ട് രക്തസാക്ഷി ഗ്രാമങ്ങളെ ….
കണ്ണൂർ:
“കുണിയൻ പുഴക്കരെ കുരുതി പൂക്കില ചോന്ന്
കണ്ണെത്താ ദൂരത്തിൽ ചോരച്ചാലുകൾ വീണ് …..”
അറുപത്തിയേഴ് കഴിഞ്ഞ രാഘവ പിഷാരടിക്ക് നടക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്. പക്ഷേ പാർട്ടി കോൺഗ്രസ്സ് കണ്ണൂരിൽ നടക്കുമ്പോൾ വയനാട്ടിലെ തിരുനെല്ലിയിലെ രാത്രിത്തണുപ്പിൽ വെറുതെ കിടന്നുറങ്ങാനദ്ദേഹത്തിന് കഴിയുന്നില്ല. തനിക്ക് ജന്മം തന്ന കരിവെള്ളൂർ ഗ്രാമവും പാർട്ടി കോൺഗ്രസ്സ് നടക്കുന്ന കണ്ണൂരിലെ വേദിയുമൊക്കെ ഒന്നു കാണണം എന്ന ആഗ്രഹത്തോടെ ഒരു സംഘം ചെറുപ്പക്കാരോടൊപ്പം പുറപ്പെട്ട് പോന്നതാണദ്ദേഹം.
ചുവന്ന കേരളത്തിന്റെ വടക്കേ മലബാറിലേക്കുള്ള തീർത്ഥയാത്രകൾക് പാർട്ടി കോൺഗ്രസ്സ് ഒരു നിമിത്തമാകുകയാണ്. കണ്ണൂരിലെ പാർട്ടി കോൺസ്സ് വേദികൾ കാണാനും നേതാക്കളോടൊപ്പം സെൽഫിയെടുക്കാനും ചുവപ്പു വാരിപ്പൂശി ആഹ്ളാദിക്കാനും ആയിരങ്ങളാണ് കണ്ണൂരിലേക്കെത്തുന്നത്. കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമൊക്കെയുള്ള ഒരുപാട് പേർ ഇതിനകം കേരളത്തിലെത്തിക്കഴിഞ്ഞു. കണ്ണൂരും കാസർക്കോടുമൊക്കെ ഇത്തരം സംഘങ്ങളെ ധാരാളമായി കണ്ടുമുട്ടാം.
ദില്ലി മലയാളികൾ പല കൂട്ടങ്ങളായി കണ്ണൂരിലേക്ക് ടിക്കറ്റ് എടുത്തു കഴിഞ്ഞു. പടിഞ്ഞാറൻ ബംഗാളിൽ നിന്നും തൃപുരയിൽ നിന്നുമുൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള സംഘങ്ങളും വരും ദിവസങ്ങളിൽ കണ്ണൂരിൽ എത്തിച്ചേരും. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനം ചേർന്ന പിണറായി പാറപ്പുറം, കയ്യൂർ കരിവള്ളൂർ ഗ്രാമങ്ങൾ, തില്ലങ്കേരിയും പാടിക്കുന്നും മുനയൻ കുന്നും ഒഞ്ചിയവുമുൾപ്പെടുന്ന രക്തസാക്ഷി കേന്ദ്രങ്ങൾ, അഞ്ചു സഖാക്കളെ കോൺഗ്രസ്സുകാർ ചുട്ടുകൊന്ന ചീമേനി, വെടിവെപ്പിൽ അഞ്ചുപേർ മരിക്കുകയും പുഷ്പൻ ജീവഛവമാകുകയും ചെയ്ത കൂത്തുപറമ്പ് വെടിവെപ്പ് കേന്ദ്രം, രക്തസാക്ഷി സ്തൂപം, ഇ കെ നായനാരുടെ വസതി, തുടങ്ങി ചുവന്ന ഓർമ്മകൾ നിറഞ്ഞ് നിൽക്കുന്ന കണ്ണൂരിലേയും കാസർകോട്ടേയും ഗ്രാമങ്ങൾ സന്ദർശിക്കാനാണ് ആളുകൾ കൂട്ടമായെത്തുന്നത്.
ഇവരുടെ വരവ് പ്രതീക്ഷിച്ച് അരിവാളും ചുറ്റികയും ആലേഖനം ചെയ്ത കരകൗശല വസ്തുക്കൾ, തൊപ്പികൾ, കീചെയിനുകൾ പടങ്ങൾ ഒക്കെ വിൽക്കുന്നതിനായി ഇന്ത്യയുടെ നാനാ മേഖലകളിൽ നിന്നുള്ള കച്ചവട സംഘങ്ങളും കണ്ണൂരിലെത്തിയിട്ടുണ്ട്. തുണികളിലും ക്യാൻവാസിലും കടലാസിലുമൊക്കെ പ്രിന്റ് ചെയ്ത നേതാക്കളുടെ പടങ്ങൾക്ക് വലിയ ഡിമാന്റുണ്ട്. പിണറായി വിജയന്റെ ചിത്രങ്ങൾക്കാണ് ഏറ്റവും കൂടുതൽ ഡിമാന്റ്. വി എസ്സിന്റെ ഫോട്ടോകൾക്കും ആവശ്യക്കാരേറെയുണ്ട്. ചേ ഗുവേര,നായനാർ, ഇ എം എസ്സ്, എ കെ ജി, അഴീക്കോടൻ രാഘവൻ, സുന്ദരയ്യ, കൃഷ്ണപ്പിള്ള തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങൾ വിൽപ്പനക്കുണ്ട്. ചൂടുകാലമായത് കൊണ്ട് പഴസത്തുകൾ, കുലുക്കി സർബത്തുകൾ തുടങ്ങി മോരും നാരങ്ങാ വെളളവുമുൾപ്പെടെ ശീതളപാനിയങ്ങൾ, വിവിധയിനം പായസങ്ങൾ എന്നിവ വിൽക്കുന്നവരും ധാരാളം. പാർട്ടി കോൺഗസ്സിന്റെ പശ്ചാത്തലത്തിലെത്തുന്നവരായതുകൊണ്ട് ഇടതുപക്ഷ പുസ്തകങ്ങളുടെ വിൽപ്പനകാരും ധാരാളമായുണ്ട്. ഇതൊരവസരമായിക്കണ്ട് തട്ടിക്കൂട്ട് പുസ്തകങ്ങളും പാട്ടുപുസ്തകങ്ങളും സീഡികളുമൊക്കെ തട്ടിക്കൂട്ടി വില്പനക്കെത്തിയവരുമുണ്ട്. എവിടെ നോക്കിയാലും ആഘോഷത്തിമർപ്പാണ് കണ്ണൂരിൽ. പാർട്ടി കോൺഗ്രസ്സ് നടക്കുന്ന നായനാർ അക്കാദമി കാണാനും ധാരാളമായി ആളുകളെത്തുന്നു. പക്ഷേ അവിടേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
കണ്ണൂർ അത്രയേറെ വികസിതമായ പട്ടണമല്ലാത്തത് കൊണ്ട് താമസസൗകര്യങ്ങക്കെ പൊതുവേ കുറവാണ്. ഏതെങ്കിലും തരത്തിലുള്ള സൗഹൃദങ്ങളോ ബന്ധങ്ങളോ വെച്ച് വീടുകളിൽ വിരുന്നായി താമസിക്കുന്നവരും ധാരാളമുണ്ട്. തൽക്കാലത്തേക്ക് ഹോം സ്റ്റേകളാക്കി വാടക വാങ്ങി ആളുകളെ താമസിക്കാൻ മുന്നോട്ടുവന്ന ധാരാളം പേരുണ്ട്. ഹോട്ടലുകളൊക്കെ നേരത്തെ ബുക്ക് ചെയ്ത് കഴിഞ്ഞത് കൊണ്ട് ഇത്തരം ഹോം സ്റ്റേകളേയൊക്കെയാണ് കമ്മ്യൂണിസ്റ്റ് തീർത്ഥാടകർ ധാരാളമായി ഉപയോഗിക്കുന്നത്. തിരിച്ചു പോകുമ്പോൾ ഇ എം എസ്സിന്റെ വീട്, അഴിക്കാടൻ രക്തസാക്ഷിയായ തൃശൂർ ചെട്ടിയങ്ങാടിയിലെ സ്മാരകം, ആലപ്പുഴയിലെ വലിയ ചുടുകാട്, പുന്നപ്ര വയലാർ സ്മാരകങ്ങൾ എന്നിവയെല്ലാം സന്ദർശിച്ച ശേഷം തിരിച്ചു പോകാൻ തീരുമാനിച്ചവരുമുണ്ട് ധാരാളം. എല്ലാ സമരകേന്ദ്രങ്ങളിലുമെത്തുമ്പോൾ കാതിലും മനസ്സിലും ആവേശപ്പൂത്തിരികൾ കത്തിപ്പടരുന്നു. പടപ്പാട്ടുകൾ മുഴങ്ങുന്നുണ്ട് എല്ലാ കേന്ദ്രങ്ങളിലും. “റെഡ് സെല്യൂട്ട്; റെഡ് സെല്യൂട്ട്; രക്തസാക്ഷി ഗ്രാമങ്ങളെ …… “