KERALA

എം ശിവശങ്കറിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രീംകോടതി ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ലൈഫ് മിഷൻ കേസിലെ പ്രതിയുമായ എം ശിവശങ്കറിനെ പുതുച്ചേരിയിലെ ജിപ്‌മെറിൽ  മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രീം കോടതി ഉത്തരവ്. ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ഇടക്കാല ജാമ്യം നീട്ടണമെങ്കിൽ വിശ്വാസയോഗ്യമായ സ്ഥാപനങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് അനിവാര്യമാണെന്നും ഇ ഡി സുപ്രീം കോടതിയിൽ വാദിച്ചു.

നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും, ചികിത്സയ്ക്കുമായി ശിവശങ്കറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നിലവിൽ ശിവശങ്കറിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അതിനാൽ കീഴടങ്ങാൻ നിർദേശിക്കണമെന്നുംആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തെളിയിക്കാൻ വിശ്വാസയോഗ്യമായ ആശുപത്രികളിൽ പരിശാധനയ്ക്ക് വിധേയമാകാൻ തയ്യാറാകണമെന്നും ഇ ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

മധുരയിലെ എയിംസിൽ പരിശോധനയ്ക്ക് വിധേയനാകണം എന്നായിരുന്നു ഇ ഡിയുടെ ആവശ്യം. എന്നാൽ മധുര എയിംസ് കടലാസിൽ മാത്രം ഒതുങ്ങുന്ന ആശുപത്രിയാണെന്നും അവിടെ പരിശോധന സാധ്യമല്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് പുതുച്ചേരിയിലെ ജിപ്‌മെറിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകണം എന്ന ഇ ഡി യുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

അതേസമയം ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കർ നൽകിയ ഹർജി ജനുവരി രണ്ടാമത്തെ ആഴ്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായ റിപ്പോർട്ട് അന്ന് സുപ്രീംകോടതിയിൽ ഹാജരാക്കാൻ ആണ് ജസ്റ്റിസുമാരായ എം എം. സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്. എം ശിവശങ്കറിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജു അഭിഭാഷകൻ മനു ശ്രീനാഥും ഹാജരായി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button