റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാത്തവർക്ക് ഇനി റേഷൻ നൽകാനാവില്ലെന്ന് പൊതുവിതരണ വകുപ്പ്
റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാത്തവർക്ക് ഇനി റേഷൻ നൽകാനാവില്ലെന്ന് പൊതുവിതരണ വകുപ്പ്. ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി പൊതുവിതരണം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് പൊതുവിതരണ വകുപ്പിൻ്റെ നടപടി. ഈ മാസം 20നകം പ്രക്രിയ പൂർത്തിയാക്കുവാനാണ് നിർദേശം. ആധാറില്ലാത്ത അംഗങ്ങളുടെ പേരുകൾ കാർഡിൽനിന്ന് ഒഴിവാക്കുകയാണ്.
റേഷൻ ഗുണഭോക്താക്കളായ അംഗങ്ങൾ ആധാറുമായി ബന്ധിപ്പിക്കാനുണ്ട്. അതേസമയം, കാർഡിന് വിഹിതം ലഭിക്കുന്ന മഞ്ഞ, വെള്ള കാർഡുകളിലെ അംഗങ്ങളെ ഒഴിവാക്കിയാൽ ലഭിക്കുന്ന റേഷൻ കുറയില്ല. എന്നാൽ, അംഗങ്ങൾക്ക് വിഹിതമുള്ള പിങ്ക്, നീല കാർഡുകളിൽ അംഗങ്ങളെ ഒഴിവാക്കിയാൽ ലഭിക്കുന്ന അളവ് കുറയും.
സംസ്ഥാനത്ത് 92,88,126 റേഷൻ കാർഡുകളാണുള്ളത്. ഈ റേഷൻ കാർഡുകളിൽ 3,54,30,614 അംഗങ്ങളുമാണുള്ളത്. ഇതിൽ 98 ശതമാനം അംഗങ്ങൾ ആധാർ ബന്ധിപ്പിച്ചു കഴിഞ്ഞു. ആറു ലക്ഷത്തിൽ അധികം അംഗങ്ങൾ ഇനിയും ബന്ധിപ്പിക്കാനുണ്ട്.