തുമ്പയിലെ ഐഎസ്ആർഒ കേന്ദ്രത്തിലേക്ക് റോക്കറ്റ് ഭാഗങ്ങൾ കൊണ്ടു പോകാൻ കൊല്ലത്ത് ഡബ്ൾ ആക്സിൽ ലോറി എത്തി. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വലിയ ലോറി ഓടുന്നത്. 104 ടയറുള്ള ഡബ്ൾ ആക്സിൽ മുംബൈയിൽനിന്ന് ശനിയാഴ്ച പകലാണ് കൊല്ലം ബീച്ചിനു സമീപം എത്തിയത്. റോഡുകൾ സ്തംഭിപ്പിച്ചും കാഴ്ചക്കാരെ വിസ്മയിപ്പിച്ചുമായിരുന്നു ലോറി ഭീമൻ്റെ വരവ്.
ഐഎസ്ആർഒയ്ക്കുള്ള ഹെവി ലിസ്റ്റ് വിഭാഗത്തിൽപ്പെട്ട 187 ടൺ കാർഗോയുമായി വെള്ളിയാഴ്ച മുംബൈയിൽനിന്ന് തിരിച്ച ടഗ്ഗും ബാർജും കാലാവസ്ഥ അനുകൂലമെങ്കിൽ ബുധനാഴ്ച കൊല്ലത്ത് എത്തും. ഇത് തുപമ്പയിൽ എത്തിക്കയാണ് 104 ചക്ര ഭീമൻ്റെ ഉത്തരവാദിത്തം.
കടൽ വഴി എത്തുന്ന ചരക്ക് അക്വഫ്ലോട്ട് എന്ന ബാർജിലാണ് വരുന്നത്. ഇതിനെ ടഗ് കെട്ടിവലിച്ചാണ് കൊണ്ടുവരുന്നത്. 70 മീറ്ററാണ് ബാർജിന്റെ നീളം.
തുമ്പ ഇക്വറ്റോറിയൽ ലോഞ്ചിങ് സ്റ്റേഷനിലേക്ക് കഴിഞ്ഞതവണ കൊണ്ടുവന്ന ഉപകരണത്തിന്റെ അവസാന രണ്ടുഭാഗങ്ങളാണ് ഇപ്പോൾ എത്തിക്കുന്നത്. 129 ടൺ ആണ് ഒരെണ്ണത്തിന്റെ ഭാരം. ഇതിന് 9.9 മീറ്റർ നീളവും 5.8 മീറ്റർ ഉയരവുമുണ്ട്. രണ്ടാമത്തെ ഭാഗം 58 ടൺ ഭാരമുള്ളതാണ്. തുറമുഖത്തുനിന്ന് ആക്സിലിൽ തുമ്പയിയിലെത്തിക്കുന്നതിന് രണ്ടു ദിവസമെങ്കിലും വേണ്ടിവരും. കഴിഞ്ഞവർഷം ഒക്ടോബർ 31നാണ് ഐഎസ്ആർഒയ്ക്കുള്ള കാർഗോയുമായി ആദ്യം കപ്പൽ കൊല്ലത്തെത്തിയത്. ഏഴു മാസത്തിനുശേഷമാണ് തുറമുഖത്ത് വീണ്ടും ചരക്കുകപ്പൽ എത്തിക്കുന്നത്.
Comments