MAIN HEADLINES

റോഡപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്ന വ്യക്തിക്ക് 5000 രൂപ പാരിതോഷികം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും

 

റോഡപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്ന വ്യക്തിക്ക് 5000 രൂപ പാരിതോഷികം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. കേന്ദ്ര റോഡ് – ഹൈവേ– ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്. റോഡപകടങ്ങളിൽ പരുക്കേൽക്കുന്നവരെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക, നിയമനൂലാമാലകളിൽ നിന്ന് രക്ഷകരെ ഒഴിവാക്കുക, അവർക്ക് അംഗീകാരവും പാരിതോഷികവും നൽകുക എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചത്.

പൊലീസ് അന്വേഷണങ്ങളും നിയമനടപടികളും ഒക്കെ ഭയന്ന് റോഡപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ പലപ്പോഴും ആളുകൾ മടിക്കാറുണ്ട്. ഇത് നിരവധി പേരുടെ ജീവൻ റോഡിൽ പൊലിയാൻ കാരണമാകുന്നുണ്ട്. ഇതിന് പരിഹാരമായാണ് ജീവൻ രക്ഷിക്കുന്നവർക്കായി പ്രത്യേക പാരിതോഷികം നൽകുന്ന ഗുഡ് സമരിറ്റൻ (നല്ല ശമരിയാക്കാരന്‍) പദ്ധതി ആരംഭിച്ചത്. രക്ഷകരെ കേസുകളിൽ നിന്ന് ഒഴിവാക്കാൻ 134എ വകുപ്പ് ഉൾപ്പെടുത്തി മോട്ടർ വാഹന നിയമം 2019ൽ ഭേദഗതി ചെയ്തിരുന്നു.

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്ന വ്യക്തി വിവരം പൊലീസിൽ അറിയിച്ചാൽ, പൊലീസ് വ്യക്തിക്ക് ഔദ്യോഗിക രസീത് കെെമാറും. ഒന്നിലധികം പേർ അപകടത്തിൽപെടുകയും ഒന്നിലധികം പേർ ചേർന്നു രക്ഷപ്പെടുത്തുകയും ചെയ്താൽ രക്ഷപ്പെട്ട ഓരോരുത്തർക്കും 5000 രൂപ എന്നു കണക്കാക്കി രക്ഷിച്ച ഓരോ ആൾക്കും പരമാവധി 5000 രൂപ നൽകും. പദ്ധതി നടപ്പിലാക്കുവാനായി രൂപീകരിച്ച മേൽനോട്ട സമിതി പ്രതിമാസ യോഗം ചേർന്നു പാരിതോഷികം നൽകേണ്ടവരുടെ പട്ടിക സമർപ്പിക്കും.

ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവർ അംഗങ്ങളുമായാണ് പദ്ധതിയുടെ സംസ്ഥാനതല മേൽനോട്ട സമിതി രൂപീകരിച്ചിരിക്കുന്നത്. പാരിതോഷികം നൽകേണ്ടവരെ വിലയിരുത്താൻ കലക്ടർമാരുടെ അധ്യക്ഷതയിൽ ജില്ലാതല സമിതികൾ വരും. റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ (ആർടിഒ) കൺവീനറായ സമിതിയിൽ ജില്ലാ മെഡിക്കൽ ഓഫിസർ, സൂപ്രണ്ട് ഓഫ് പൊലീസ് (ട്രാഫിക്കും റോഡ് സുരക്ഷയും) എന്നിവരും സമിതിയിൽ അംഗങ്ങളാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button