KERALA

ലക്ഷണങ്ങള്‍ കാണിക്കാത്തവരും കൊറോണ പോസിറ്റീവ്; മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ട

പത്തനംതിട്ട:  കൊറോണ വൈറസിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാത്തവരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി പത്തനംതിട്ട ജില്ലാകളക്ടര്‍  പി.ബി നൂഹ്.  ഫെയ്‌സ് ബുക്ക് ലൈവിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.  കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രണ്ട് രോഗികളില്‍ ഒരാള്‍ക്ക് രോഗബാധയുടെ യാതൊരു ലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ലെന്ന് കളക്ടര്‍ വ്യക്തമാക്കുന്നു.

 

കളക്ടറുടെ ഫെയ്‌സ്ബുക്ക് ലൈവിന്റെ പ്രസക്ത ഭാഗങ്ങള്‍

 

പത്തനംതിട്ട ജില്ലയില്‍ രണ്ട് പോസിറ്റീവ് കേസുകള്‍ പുതുതായി വന്നിട്ടുണ്ട്. അതില്‍  ഒരാള്‍  അടൂരെ കണ്ണന്‍കോവിലിലും മറ്റൊരാള്‍ ആറമുളയിലെ എരുമക്കോല്‍ എന്ന സ്ഥലത്തുനിന്നും ഉള്ളവരാണ്.  നിലവില്‍ ജില്ലയില്‍ 12 കേസുകളാണ് ഉള്ളത്. ചില ജില്ലകളില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും പത്തനം തിട്ട ജില്ലയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെ ജില്ല സുരക്ഷിതമാണെന്നൊരു ധാരണ പലര്‍ക്കുമുണ്ട്. അതൊരു തെറ്റായ ധാരണയാണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ ഫെയ്‌സ്ബുക്ക് ലൈവ്.

 

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അടൂരിലെ 45 വയസ്സുള്ള വ്യക്തി ദുബായില്‍ നിന്ന് വന്നതാണ്. ഇദ്ദേഹത്തിന്റെ സാംപിള്‍  എടുക്കാന്‍ കാരണം. വീട്ടില്‍ ഇരിക്കാതെ കറങ്ങി നടക്കുന്നു എന്ന വ്യാപകമായ പരാതി കിട്ടിയതിനെത്തുടര്‍ന്നാണ്. ഇദ്ദേഹത്തെ പരിശോധിച്ചപ്പോള്‍ യാതൊരു രോഗലക്ഷണവും ഇല്ലായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ അത് പോസിറ്റീവായി. ഇതിനര്‍ഥം ലക്ഷണമില്ലാത്ത ആളും കൊവിഡ് പോസിറ്റീവ് ആകാം എന്നാണ്’

 

 

രണ്ടാമത്തെയാള്‍ യുകെയില്‍ നിന്ന് അബുദാബി വഴി കൊച്ചിയിലാണു വന്നത്. പക്ഷേ ഇവരില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ വളരെ പരിമിതമാണ്. ഇവരെ രണ്ടു പേരെയും ഡോക്ടര്‍ ചോദ്യം ചെയ്തു. ഈ വിവരങ്ങളെ മാത്രം വിശ്വസിച്ച് ഇരിക്കാനാകില്ല. ജില്ലയില്‍ 7361 പേര്‍ ക്വാറന്റീനില്‍ കഴിയേണ്ടവരായുണ്ട്. ഇതില്‍ ആരു വേണമെങ്കിലും പോസിറ്റീവാകാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ജില്ലയില്‍ 7361 പേര്‍ കൊറന്റൈനില്‍ കഴിയുന്നവരാണ്. ജില്ലയില്‍ പുതിയതായി കൊറോണ സ്ഥിരീകരിച്ച രണ്ട് പേരും എ.ടി.എമ്മില്‍ കയറിയവരുമാണ്. അതിനാല്‍ തന്നെ എല്ലാവരും ശ്രദ്ധിക്കണം..

 

ഏതു ജില്ലയിലായാലും ഹോം ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ അതു ചെയ്തില്ലെങ്കില്‍, നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും രോഗം വരാം. അതുകൊണ്ട് നിര്‍ബന്ധമായും 21 ദിവസം ഹോം ക്വാറന്റൈന്‍ ചെയ്യുകയും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുകയും വേണം. എല്ലാവരും സഹകരിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നും കളക്ടര്‍ വ്യക്തമാക്കി.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button