DISTRICT NEWS

‘ലാംഗ്വേജ് എക്യുസിഷൻ പ്രോഗ്രാം’ (ലാപ്) ശില്പശാല പരമ്പര 75ാം ആഴ്ചയിലേക്ക്

കോഴിക്കോട്: കോവിഡ് മഹാമാരിക്കാലത്ത് അടച്ചുപൂട്ടലിനെ അതിജീവിക്കാൻ “സുരക്ഷിതരായിരിക്കാം, സുരക്ഷിതരായി പഠിക്കാം” എന്ന മുദ്രാവാക്യവുമായി ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ആരംഭിച്ച ‘ലാംഗ്വേജ് എക്യുസിഷൻ പ്രോഗ്രാം (ലാപ്)’ ശില്പശാല പരമ്പര 75 ആമത് ആഴ്ചയിലേക്ക്. ഒക്ടോബർ രണ്ടിന് നടക്കുന്ന “ഡയമണ്ട് ലാപ്” ലണ്ടനിൽ നിന്നുള്ള സിനിമ നിർമ്മാതാക്കളായ ഡീജ് ഫിലിപ്സ്, നവോമി ക്ലാർക്ക് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ‘മൾട്ടിമീഡിയ ഇംഗ്ലീഷ്’ എന്ന വിഷയത്തിൽ നടക്കുന്ന ഈ ശില്പശാല പഞ്ചാബിൽ നിന്നുള്ള സംസ്ഥാനതല റിസോഴ്സ് അധ്യാപിക ഗുർപ്രീത് കൗർ നയിക്കും.
സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് ബിരുദധാരികളായ അധ്യാപകരെ നിയമിക്കണം എന്ന 2002 ലെ സർക്കാർ ഉത്തരവിന് വേണ്ടി പ്രവർത്തിച്ചത് ഉൾപ്പെടെ കേരളത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസരംഗത്ത് വ്യക്തമായ ഇടപെടലുകൾ നടത്തിയിട്ടുള്ള സംഘടനയാണ് ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ. ഞായറാഴ്ചകളിൽ രാത്രി 7.30 മുതൽ 9.30 വരെയാണ് ശില്പശാല നടത്താറ്. 2021 ഏപ്രിൽ 25ന് നടന്ന ആദ്യ ശില്പശാല പ്രശസ്ത ഇംഗ്ലീഷ് അധ്യാപിക കൂടിയായ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്, വിവിധ എംഎൽഎമാർ, ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ ഡോ. ജീവൻ ബാബു ഐഎഎസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ്, കൈറ്റ് സിഇഒ അൻവർ സാദത്ത്, എസ് എസ് കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ സി രാധാകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, സംസ്ഥാന, ജില്ലാതല വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ ശില്പശാലകൾ ഉദ്ഘാടനം ചെയ്തു. ബംഗളൂർ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പി കെ ജയരാജ്, പൂജ ഗിരി, സുമൻ ബണ്ടി ഡൽഹിയിൽ നിന്നുള്ള രചന ബാബേൽ, തെലങ്കാനയിൽ നിന്നുള്ള കല്യാണി രചകൊണ്ട, യു എ ഇ യിൽ നിന്ന് കെ പി ലിബീഷ് തുടങ്ങിയവർ വിവിധ ശില്പശാലകൾ നയിച്ചത് ശ്രദ്ധേയമായി. ശ്രീജിത്ത് വിയ്‌യൂർ മാജിക്കിലൂടെയും ജീവ് മാത്യു സംഗീതത്തിലൂടെയും ഇംഗ്ലീഷ് അധ്യാപനം നടത്തിയത് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി.ഒരു ശിൽപശാലയുടെ ഉദ്ഘാടനത്തിന് സ്വീഡനിൽ നിന്നുള്ള ധന ഗിബ്സ് എത്തിച്ചേർന്നത് വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി. പരിപാടിയുടെ അവതരണം, അധ്യക്ഷത, സ്വാഗതം, പ്രാർത്ഥന, നന്ദി തുടങ്ങിയവ ഒക്കെ വിദ്യാർത്ഥികൾ തന്നെയാണ് കൈകാര്യം ചെയ്യാറ്. അധ്യാപക ദിനത്തിലും ശിശുദിനത്തിലും വിദ്യാർഥികളായ ദീപക് അരുൺ, ഹരിപ്രിയ ഹേമന്ദ്, ആൻ മേരി അഗസ്റ്റിൻ, ആബേൽ ബിജു, ഗാർഗീ നന്ദ, അമാന ഫിർദൗസ്, അർച്ചന പ്രദീപ്, മീനാക്ഷി അനിൽ എന്നിവർ ശില്പശാല നയിച്ചു.100 ശില്പശാലകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം എന്ന കോർഡിനേറ്റർ വടയക്കണ്ടി നാരായണൻ പറഞ്ഞു.സുനൈന മേനോൻ, ഇന്ദു തേവന്നൂർ, ടിപി ജോൺസൺ, സി ബൈജു, സ്നേഹ വിക്ടർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ജി എച്ച് എസ് എസ് തേവന്നൂർ, ജി എം ജി എച്ച് എസ് എസ് ചടയമംഗലം, ജി എം എച്ച് എസ് എസ് വെഞ്ഞാറമൂട്, ജി വി എച്ച് എസ് എസ് തിരുവില്വാമല, തിരുവങ്ങൂർ എച്ച് എസ് എസ്, ജി വി എച്ച് എസ് എസ് പയ്യോളി, ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളാണ് കൂടുതൽ അവതാരകരും പങ്കാളികളും ആയ വിദ്യാർത്ഥികളെ സംഭാവന ചെയ്തത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button