Uncategorized

പുതു തലമുറയിൽ ലിവിങ് ടുഗദർ കൂടുന്നതിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി

ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.  ഉപഭോക്തൃ സംസ്ക്കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്ന് ഡിവിഷന്‍ ബെഞ്ചിന്‍റെ നിരീക്ഷണം. 


വിവാഹമോചനം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍. ഭാര്യയെന്നാൽ എന്നെന്നേയ്ക്കുമായി ആശങ്ക ക്ഷണിച്ചു വരുത്തുന്നവൾ എന്നതാണ് പുതുതലമുറയിലെ പലരുടെയും ചിന്താഗതി. ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ് പലരും  വിവാഹത്തെ കാണുന്നത്. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്ക്കാരം വിവാഹബന്ധങ്ങളെ ബാധിച്ചു. ദുർബലവും സ്വാർത്ഥവുമായ കാര്യങ്ങൾക്കും വിവാഹേതര ബന്ധങ്ങൾക്കുമായി വിവാഹബന്ധം തകർക്കുന്നതാണ് നിലവിലെ പ്രവണത.എന്നിങ്ങനെ പോകുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.

കേരളത്തിൽ ഒരു കാലത്ത് ശക്തമായ കുടുംബ ബന്ധങ്ങള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന തരത്തിൽ ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും ജനസംഖ്യയില്‍ ഭൂരിപക്ഷമായാല്‍ അത് സമൂഹത്തിന്റെ ശാന്തതയെ ബാധിക്കുകയും, വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യുമെന്നും ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്,ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

വിവാഹമോചനം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവാവ് നല്‍കിയ ഹര്‍ജി ആലപ്പുഴ കുടുംബക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതെത്തുടര്‍ന്നാണ് യുവാവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഭാര്യയില്‍ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു യുവാവ് വിവാഹമോചനത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button