KERALAUncategorized

ലൈംഗിക ബന്ധത്തിനിടെ യുവതി അപസ്മാരം വന്നു മരിച്ചു; യുവാവ് അറസ്റ്റിൽ

ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണനഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ്  അഞ്ചൽ സ്വദേശി നാസുവിനെയാണ്(24) അറസ്റ്റ് ചെയ്തത്. യുവതിയെ മരണത്തിലേക്ക് എത്തിച്ചെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തും. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു. കഴിഞ്ഞ മാസം 29ന് കൊല്ലം ബീച്ചിൽ വച്ച് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവ് പൊലീസിനു നൽകിയിരിക്കുന്ന മൊഴി.

ബീച്ചിൽവച്ച് പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ഇവിടെവച്ച് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേത്തുടർന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. യുവതിയുടെ ശരീരത്തിൽ ബ്ലേഡുപയോഗിച്ച് മുറിവുണ്ടാക്കിയതായും ഇയാൾ മൊഴി നൽകി. ഡിസംബർ 29 മുതലാണ് കേരളാപുരം സ്വദേശിയായ യുവതിയെ കാണാതായത്.

ഇയാളുടെ കയ്യിൽ സംശയാസ്പദമായി ഫോൺ കണ്ടതോടെ നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബർ 31ന് കൊട്ടിയം പൊലീസ് പിടികൂടിയിരുന്നു. എന്നാൽ ഫോൺ കളഞ്ഞു കിട്ടിയതാണെന്നു പറഞ്ഞു. ഈ ഫോണിൽനിന്നു പൊലീസ് നമ്പറെടുത്ത് വിളിച്ചപ്പോൾ കാണാതായ യുവതിയുടെ വീട്ടിലേക്കാണു കോൾ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നൽകിയിട്ടുണ്ടെന്നുമുള്ള വിവരം ഇവർ പൊലീസിനെ അറിയിച്ചു. ഫോൺ പിടിച്ചെടുത്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചു.

തുടർന്ന് യുവതിയുടെ വീട്ടുകാർ കൊട്ടിയം പൊലീസിലെത്തി ഫോൺ വാങ്ങി യുവതിയെ കാണാനില്ലെന്നു പരാതി നൽകിയ കുണ്ടറ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് അന്വേഷണം മുന്നോട്ടുപോയില്ല. ഇന്നു രാവിലെ യുവതിയുടെ മൃതദേഹം കിട്ടിയപ്പോൾ നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പൊലീസ് അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് യുവതിയെ പരിചയപ്പെട്ടുവെന്ന കാര്യം യുവാവ് പൊലീസിനു മൊഴി നൽകിയത്.

ബുധനാഴ്ച രാവിലെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചില വസ്ത്രഭാഗങ്ങൾ മാത്രമാണ് മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നത്. കൊല്ലം ബീച്ചില്‍ യുവതിയെത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button