CALICUTDISTRICT NEWSMAIN HEADLINES
ലൈഫി’ൽ ഹാപ്പിയായി 1025 കുടുംബം
കോഴിക്കോട്: ലൈഫ് പദ്ധതിയിൽ കോർപറേഷൻ പരിധിയിൽ ഇതുവരെ പൂർത്തിയാക്കിയത് 1025 വീടുകൾ. ഈ വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ ഇപ്പോൾ സന്തോഷത്തിലാണ്; ജീവിതത്തിലെ ഏറ്റവും വലിയ ആവശ്യം യാഥാർഥ്യമായതിൽ. പാവപ്പെട്ടവർക്ക് തല ചായ്‌ക്കാൻ സ്വന്തമായൊരു വീട് നിർമിച്ചുകൊടുക്കുന്ന ലൈഫ് പദ്ധതിക്ക് കോർപറേഷൻ 101.06 കോടി രൂപയാണ് നീക്കിവച്ചത്. അഞ്ചുവർഷ കാലയളവിൽ 3189 പേർക്ക് വീട് നിർമിച്ചുകൊടുക്കുകയാണ് ലക്ഷ്യം. അടുത്തവർഷം മാർച്ചോടെ 3000 വീടുകളുടെ നിർമാണം പൂർത്തിയാക്കും. കോർപറേഷൻ കൗൺസിലിന്റെ നേട്ടത്തിൽ പൊൻതൂവലാകും ഇത്.
2016ൽ തുടങ്ങിയ പദ്ധതിക്കായി കോർപറേഷൻ വിഹിതം രണ്ടു ലക്ഷവും സംസ്ഥാന സർക്കാർ വിഹിതം 50,000 രൂപയും കേന്ദ്രസർക്കാർ വിഹിതം 1.5 ലക്ഷവുംകൂടി ചേർത്ത് നാല് ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും അനുവദിച്ചു വരുന്നത്.
നഗരസഭാപരിധിയിൽ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പാവപ്പെട്ടവർക്ക് ലൈഫ് പദ്ധതി ഏറെ ഗുണകരമായി. ഇത്രയും ഗുണഭോക്താക്കൾക്ക് അഞ്ച് വർഷക്കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ നൽകിയ തദ്ദേശ സ്ഥാപനമായി കോഴിക്കോട് കോർപറേഷൻ മാറും.
നാലുലക്ഷം രൂപയിൽ പകുതി കോർപറേഷൻ വിഹിതമായതിനാൽ പ്ലാൻ ഫണ്ടിനുപുറമെ 24.10 കോടി രൂപ വായ്‌പയെടുത്താണ് പദ്ധതി നടപ്പാക്കിയത്.
കഴിഞ്ഞ ദിവസം ഈ പദ്ധതിക്കുകീഴിൽ 917 ഗുണഭോക്താക്കളുടെ ഡിപിആർ അംഗീകരിച്ച് കരാർ ഒപ്പുവച്ച് ഗുണഭോക്താക്കൾക്ക് ഒന്നാം ഗഡു തുക കൈമാറിയിരുന്നു. ആദ്യം അംഗീകരിച്ച ഡിപിആറിൽ ഉൾപ്പെട്ട 1025 പേരാണ് പണി പൂർത്തീകരിച്ചത്. ബാക്കിയുള്ളവരുടെ പ്രവൃത്തി മൂന്നാം ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഗുണഭോക്താവ് പണി പൂർത്തീകരിച്ച് ഉടമസ്ഥാ വകാശം കരസ്ഥമാക്കിയാൽ മുഴുവൻ തുകയും കൈമാറും.
കൗൺസിലിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനം മൂലമാണ് ഇത്രയും വീടുകൾക്ക് ധനസഹായം അനുവദിക്കാൻ കഴിഞ്ഞത്. ഈ കാലയളവിൽ 70.97 കോടി രൂപയാണ് ഗുണഭോക്താക്കൾക്ക് കോർപറേഷൻ അനുവദിച്ചത്.
Comments