ലൈഫ് മിഷന്‍: 70,000 വീടുകള്‍ നിര്‍മ്മിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: ലൈഫ് മിഷന്‍ 2020 പട്ടികയിലുള്ള ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കാനുള്ള നടപടിള്‍ സ്വീകരിക്കാന്‍ ഉത്തരവായി. സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കെയുആര്‍ഡിഎഫ്സി മുഖേന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പുതിയ പട്ടികയിലെ ഗുണഭോക്താക്കളുടെ വീട് നിര്‍മ്മാണം തുടങ്ങുന്നത്.
ആദ്യ ഘട്ടമെന്ന നിലയില്‍ 70000 വീടുകളും രണ്ടാം ഘട്ടത്തില്‍ വര്‍ഷം ഒരു ലക്ഷം വീടെന്ന നിലയില്‍ അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം വീടുകളും പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ഗാരന്റിയില്‍ കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മുഖേന തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം.
2017ലെ ലൈഫ് പട്ടികയിലെ ഭൂമിയുള്ള ഭവനരഹിതര്‍ക്കും 2019ലെ പട്ടികജാതി/ പട്ടികവര്‍ഗ/ ഫിഷറിസ് അഡീഷണല്‍ ലിസ്റ്റിലെയും അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും വീട് നല്‍കിക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ ഈ വര്‍ഷം ഭവന പദ്ധതിക്കായി വകയിരുത്തിയ വികസന ഫണ്ടും ത്രിതല പഞ്ചായത്ത് വിഹിതമായി ലഭിക്കാന്‍ സാധ്യതയുള്ളതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വകയിരുത്താന്‍ സാധിക്കുന്നതുമായ പരമാവധി തുകയും വിനിയോഗിച്ച് ഭൂമിയും വീടും നല്‍കാനുള്ള പദ്ധതി ലൈഫ് 2020 പട്ടിക പ്രകാരം ഏറ്റെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ഗുണഭോക്താക്കള്‍ മറ്റൊരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയില്‍ ഭൂമി വാങ്ങിയാലും ഭൂമി വാങ്ങുന്നതിനും വീട് നിര്‍മ്മിക്കുന്നതിനുമുള്ള തുക ഗുണഭോക്താവിനെ തിരഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനം തന്നെ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍പ് ഈ വിഷയത്തില്‍ ചില അവ്യക്തതകള്‍ നിലനിന്നതിനാല്‍ നിര്‍ദേശം പുതുക്കി പുതിയ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.