CRIME
ലോഡ്ജ്മുറിയിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
ലോഡ്ജ്മുറിയിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉദുമ കുണ്ടോളംപാറയിലെ ദേവിക രാജിനെ (34) കൊലപ്പെടുത്തിയ ശേഷം കാസർകോട് ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കർ (34) ആണ് ഹൊസ്ദുർഗ് പോലീസിൽ കീഴടങ്ങിയത്.
കാസർകോട് ‘മൈൻ’ ബ്യൂട്ടിപാർലർ നടത്തുന്ന ദേവികയും സെക്യൂരിറ്റി ഏജൻസി നടത്തുന്ന സതീഷും ഒൻപത് വർഷത്തോളമായി പരിചിതരാണെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസത്തോളമായി സതീഷ് ലോഡ്ജിൽ താമസിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പുറത്തേക്കുപോയി 11 മണിയോടെയാണ് ദേവികയെയും കൂട്ടിയെത്തിയത്. ഭാര്യയാണെന്നാണ് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞത്.
ഉച്ചയ്ക്ക് 2.45-ഓടെ സതീഷ് ഭാസ്കർ ഇറങ്ങിപ്പോകുന്നത് കണ്ടതായി ലോഡ്ജ് ജീവനക്കാർ പോലീസിന് മൊഴി നൽകി. ഇൻസ്പെക്ടറും സംഘവുമെത്തിയപ്പോഴാണ് കൊല നടന്ന കാര്യം ലോഡ്ജിലുള്ളവരും സമീപത്തെ ഹോട്ടലിലുള്ളവരുമെല്ലാം അറിയുന്നത്. സബ് കളക്ടർ സുഫിയാൻ അഹമ്മദ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ, ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും ഡോഗ് സ്ക്വാഡുമെത്തി. ഇൻക്വസ്റ്റിനുശേഷം മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
Comments