വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ്‍ മരിച്ച സംഭവത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ്‍ മരിച്ച സംഭവത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. വടകര കല്ലേരി സ്വദേശി സജീവ് ആണ് മരിച്ചത്.
വാഹനാപകടമുണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ ആണ് മരിച്ചത്. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച് സജീവനൊപ്പം സ്റ്റേഷനിലുണ്ടായിരുന്ന സഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. മദ്യപിച്ചെന്ന പേരില്‍ സജീവനെ മര്‍ദ്ദിച്ചു. വടകര എസ്‌ഐയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും ചോര്‍ന്നാണ് സജീവനെ മര്‍ദ്ദിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
നെഞ്ചുവേദനിക്കുന്നുവെന്ന് പറഞ്ഞിട്ടും പൊലീസ് അവഗണിച്ചു. സ്റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണ സജീവനെ ആശുപത്രിയില്‍ എത്തിക്കാനും പൊലീസ് തയ്യാറായില്ല. ഒപ്പമുണ്ടായിരുന്നവരാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസാണ് അന്വേഷണം നടത്തുന്നത്.