വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി, വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തുനല്‍കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി
വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി, വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തുനല്‍കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
ഹൈക്കോടതിയിലെത്തിയ ഉദയംപേരൂര്‍ സ്വദേശികളുടെ വിവാഹരജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മതനിരപേക്ഷമായ വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ പെരുമാറരുത്. ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനും ഒന്നിച്ചുജീവിക്കാനും ഏതൊരു പൗരനും അവകാശമുള്ള നാടാണ് നമ്മുടെത്. വിവാഹം നടന്നതിന്‍റെയും, വധൂവരന്മാരുടെ പ്രായവും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കണം. നിയമപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന ഇത്തരം വീഴ്ചകളില്‍ ശക്തമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മതം പരിശോധിക്കാതെ തന്നെ എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന നിര്‍ദേശം തദ്ദേശ സ്വയം ഭരണ വകുപ്പ് 2021 നവംബര്‍ 23ന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതാണ്. മതാചാര പ്രകാരമല്ലാത്ത വിവാഹങ്ങളുടെ കാര്യവും നിര്‍ദേശത്തില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. 2008ലെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ പൊതുചട്ടത്തിലും ഇക്കാര്യം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.