വന്ദേഭാരത് എക്സ്പ്രസിന്റെ ഏകദേശ ടിക്കറ്റ് നിരക്കുകള്‍ റെയില്‍വെ പുറത്ത് വിട്ടു
വന്ദേഭാരത് എക്സ്പ്രസിന്റെ ഏകദേശ ടിക്കറ്റ് നിരക്കുകള്‍ റെയില്‍വെ പുറത്ത് വിട്ടു. കുറഞ്ഞ ടിക്കറ്റ് നിരക്ക് 297 രൂപയും കൂടിയത് 2150 രൂപയുമാണ് എന്നാണ് പുറത്തുവരുന്ന വിവരം. 50 കിലോമീറ്റര്‍ യാത്രയ്ക്ക് മറ്റ് ട്രയിനുകളിൽ അടിസ്ഥാന ചെയര്‍കാര്‍ നിരക്ക് 241 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാര്‍ നിരക്ക് 502 രൂപയുമാണ്.
വന്ദേഭാരത് തീവണ്ടിയുടെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ യാത്ര തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലാണ്. 65 കിലോമീറ്ററാണ് ദൈര്‍ഘ്യം. അതിനാല്‍ വന്ദേഭാരത് എക്സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലം വരെ യാത്രചെയ്യാന്‍ ചെയര്‍കാറിന് 291 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 614 രൂപയും ആയിരിക്കും നിരക്കെന്നാണ് സൂചന. തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്കുള്ള ചെയര്‍കാര്‍ നിരക്ക് 1100 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2150 രൂപയും ആയിരിക്കും. തിരുവനന്തപുരം-കോട്ടയം യാത്രയ്ക്ക് ചെയര്‍ക്കാറിന് 441 രൂപയും എക്‌സിക്യൂട്ടീവിന് 911 രൂപയും ആയിരിക്കും. തിരുവനന്തപുരം-എറണാകുളം യാത്രയ്ക്ക് 520 രൂപയും 1070 രൂപയും ആയിരിക്കും ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം-തൃശൂര്‍ നിരക്ക് യഥാക്രമം 617 രൂപയും 1260 രൂപയുമാകും. തിരുവനന്തപുരം കോഴിക്കോട് യാത്രയ്ക്ക് 801 രൂപയും 1643 രൂപയും ടിക്കറ്റ് നിരക്ക് വരും.
വന്ദേഭാരതിന്റെ ആദ്യ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കാനായി. ഈ മാസം 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. അതിനുമുമ്പ് ഒരു ട്രയല്‍ റണ്‍ കൂടി നടത്തിയേക്കുമെന്നാണ് വിവരം. ആദ്യ ട്രയല്‍ റണ്‍ പല ട്രെയിനുകളുടെയും സമയക്രമത്തെ ബാധിച്ചിരുന്നു.