Uncategorized

വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിൽ സുരക്ഷാവീഴ്ച

വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിൽ സുരക്ഷാവീഴ്ച. തീവണ്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമേ അതിൽ യാത്രചെയ്യാൻ പാടുള്ളൂവെന്നിരിക്കെ യുവതിയും കൈക്കുഞ്ഞുമുൾപ്പെടെ പലരും യാത്ര ചെയ്തതാണ്‌ വിവാദമായത്‌. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ് പരീക്ഷണയാത്രയിൽ തീവണ്ടിയിൽ കയറിക്കൂടിയതെന്നാണ്‌ സൂചന.

എറണാകുളത്തുനിന്ന്‌ കയറിയ അവരിൽ ചിലർ സി 12 കോച്ചിലാണ് യാത്രചെയ്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനുള്ള ആർ പി എഫ് ഉദ്യോഗസ്ഥരുടെ നിർദേശം ലംഘിച്ചും അവർ യാത്ര തുടരുകയായിരുന്നു. കാസർകോട്ട് തീവണ്ടി നിർത്തിയപ്പോൾ സി 12 കോച്ചിന്റെ ജനൽ കർട്ടനുകൾ മറച്ച നിലയിലായിരുന്നു. വിഷയം മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതായി തിരിച്ചറിഞ്ഞപ്പോൾ അവർ കാസർകോട്ട് ഇറങ്ങി. പിന്നീട് അവരെ വി ഐ പി മുറിയിലേക്ക് മാറ്റി പിന്നാലെ വന്ന ഭാവ്‌നഗർ-കൊച്ചുവേളി തീവണ്ടിയിൽ കയറ്റിവിട്ടു.
വന്ദേഭാരത് എക്സ്പ്രസ് കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി തീവണ്ടിക്കുള്ളിൽ മാധ്യമങ്ങളെ കണ്ടതിലും വിവാദം. സി ഒന്ന് കോച്ചിലാണ് എം.പി, എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്‌റഫ് എന്നിവർക്കൊപ്പം ചാനലുകളോട് പ്രതികരിച്ചത്. 10 മിനിറ്റോളം എം.പി. മാധ്യമപ്രവർത്തകരോട് സംസാരിച്ചു.

വന്ദേഭാരത് ബി.ജെ.പി.യുടെ തറവാട്ട്‌ സ്വത്തല്ലെന്നും കേരളത്തിലെ ജനങ്ങളാകെ സ്വീകരിക്കുമായിരുന്ന തീവണ്ടിയെ ഒരു സുപ്രഭാതത്തിൽ പ്രഖ്യാപിച്ച് രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുകയായിരുന്നുവെന്നുമാണ് എം.പി. പറഞ്ഞത്. നിരന്തര ഇടപെടലുകളുടെ ഫലമാണ് വന്ദേഭാരത് കാസർകോട്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  പരീക്ഷണ ഓട്ടം നടത്തുന്ന തീവണ്ടിക്കുള്ളിൽ മാധ്യമങ്ങളെ കണ്ടത് സുരക്ഷാവീഴ്ചയും പ്രോട്ടോകോൾ ലംഘനവുമാണെന്നാണ് ആക്ഷേപം. അത്തരം നടപടികൾ അനുവദനീയമല്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. എന്നാൽ പരാതി സംബന്ധിച്ച്‌ ഒന്നുമറിയില്ലെന്ന്‌ രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button