വയറിളക്കം മൂലമുള്ള സങ്കീര്‍ണത ഇല്ലാതാക്കാന്‍ ആരോഗ്യവകുപ്പ് തീവ്രയജ്ഞം നടത്തുമെന്ന് വീണാ ജോർജ്
ആരോഗ്യ വകുപ്പ് വയറിളക്കം മൂലമുള്ള സങ്കീര്‍ണതകളിലേക്ക് പോകാതെ കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചു തുടങ്ങിയെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ 14 വരെയുള്ള വയറിളക്ക നിയന്ത്രണ തീവ്രയജ്ഞ പക്ഷാചരണത്തിന്റെ ഭാഗമായി പരമാവധി കുട്ടികള്‍ക്ക് ഒ ആര്‍ എസ് നല്‍കും.
പക്ഷാചരണത്തിന്റെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ അതാത് പ്രദേശത്തെ അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകളില്‍ ഓരോ പാക്കറ്റ് ഒ ആര്‍ എസ് എത്തിക്കുകയും പോഷകാഹാര കുറവുള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്യും. ആരോഗ്യ പ്രവര്‍ത്തകരും ആശാ, അംഗന്‍വാടി പ്രവര്‍ത്തകരും അമ്മമാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും നാലു മുതല്‍ ആറു വീടുകളിലെ ആഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരുടെ ഗ്രൂപ്പിന് ഒ ആര്‍ എസ് തയാറാക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ ആര്‍ എസ്, സിങ്ക് കോര്‍ണറുകള്‍ ഉറപ്പുവരുത്തും. കൈ കഴുകുന്നതിന്റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുന്നതിനായി സ്‌കൂള്‍ അസംബ്ലിയില്‍ സന്ദേശം നല്‍കുക, ശാസ്ത്രീയമായി കൈ കഴുകുന്ന രീതി കുട്ടികളെ പഠിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ കൈകഴുകുന്ന സ്ഥലത്ത് പതിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തും. ഇതുകൂടാതെ വിപുലമായ രീതിയിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഈ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തും.