വരുന്നു, കടലുണ്ടിയിൽ ഫ്ലോട്ടിങ് റെസ്റ്റോറന്റ്
രാമനാട്ടുകര : സഞ്ചാരികൾക്ക് ആവേശം പകരാൻ കടലുണ്ടിയിൽ വരുന്നു ഫ്ളോട്ടിങ് റെസ്റ്റോറന്റ്. ബേപ്പൂർ മണ്ഡലത്തിൽ ഉൾപ്പെട്ട കടലുണ്ടി കോട്ടക്കടവ് പാലത്തിനുസമീപത്താണ് ഫ്ളോട്ടിങ് റെസ്റ്റോറന്റ് സ്ഥാപിക്കുക.ഇതിനായി 3.94 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 82 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഫ്ളോട്ടിങ് റെസ്റ്റോറന്റ് നിർമിക്കുക. അടുക്കള, ശൗചാലയം എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ഐ.ഐ.ടി. മദ്രാസ് സാങ്കേതിക പരിശോധന നടത്തി സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തിയ രൂപരേഖ പരിഗണിച്ചാണ് ഭരണാനുമതി നൽകിയത്.ജൂണിൽ നിർമാണം ആരംഭിച്ച് ഒമ്പതു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി തുറന്നുനൽകാമെന്നാണ് പ്രതീക്ഷിക്കുന്നത്.യാത്ര യാനങ്ങളുടെയും ഫ്ളോട്ടിങ് ഘടനകളുടെയും നിർമാണത്തിൽ അതികായരായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനെയാണ് നിർമാണച്ചുമതല ഏൽപ്പിച്ചിരിക്കുന്നത്.കോഴിക്കോടിന്റെ ടൂറിസം വികസനത്തിൽ വലിയ കുതിപ്പിന് ഇത് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ബേപ്പൂർ പുലിമുട്ടിനുസമീപത്തായി നിർമിച്ച ഫ്ളോട്ടിങ് ബ്രിഡ്ജിനു വലിയ ജനസ്വീകാര്യതയാണ് ലഭിച്ചിരുന്നത്.