വഴിപാട് നിരക്ക് വര്‍ദ്ധന സ്റ്റേ ചെയ്തു
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ അന്യായമായും നടപടിക്രമങ്ങൾ പാലിക്കാതെയും നടപ്പിൽ വരുത്തിയ പുതിയ വഴിപാട് നിരക്കു വർദ്ധന കൊയിലാണ്ടി മുൻസിഫ് കോടതി സ്റ്റേ ചെയ്തു . ഭക്തജനങ്ങൾക്കും അവരുടെ അഭിപ്രായങ്ങൾക്കും പുല്ലുവിലപോലും കൽപിക്കാത്ത എക്സിക്കുട്ടിവ് ഓഫിസറുടെ ധിക്കാരപരമായ നടപടിക്കെതിരെ കെ.വി.സന്തോഷ് എന്നയാളാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഡിസംബർ 15ന് എക്സി.ഓഫീസർ വിളിച്ചു ചേർത്ത ഭക്തജനങ്ങളുടെ യോഗത്തിൽ ഒരു കാരണവശാലും നിരക്ക് വർദ്ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. കൂടാതെ വഴിപാടുകളെപ്പറ്റി പഠിക്കാനായി ഒരു കമ്മറ്റിയെയും നിയോഗിച്ചിരുന്നു. പ്രസ്തുത കമ്മറ്റിയുടെ റിപ്പോർട്ട് വരാനിരിക്കെയായിരുന്നു നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുത്തിയത് . കൂത്തിന് 15,000 രൂപയിൽ നിന്ന് 21,000 രൂപയായും ഉദയാസ്തമന പൂജയുടേത് 33,000 രൂപയിൽ നിന്ന് 40,000 രൂപയായും വർദ്ധിപ്പിച്ചിരുന്നു. കൂടാതെ മറ്റെല്ലാ വഴിപാടുകൾക്കും നിരക്ക് വർദ്ധന നടപ്പിൽ വരുത്തി .