വാക്സിനേഷൻ വേഗത്തിലാക്കും
ജില്ലയിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിലവിലെ കേന്ദ്രങ്ങള്‍ക്കു പുറമേ ഓരോ വാക്‌സിനേഷന്‍ സെന്റര്‍ കൂടി ഉടന്‍ തുറക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമാവധി പേർക്ക് വേഗത്തിൽ വാക്സിൻ ലഭ്യമാക്കാനുള്ള നടപടി ജില്ലാ ഭരണകൂടം അടുത്തിടെ സ്വീകരിച്ചിരുന്നു.
വാക്‌സിനേഷന്‍ വേഗത്തിലാക്കാനും തിരക്ക് കുറയ്ക്കാനുമാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുന്നതിലൂടെ ലക്ഷ്യമിടുന്നത്. കമ്മ്യൂണിറ്റി ഹാളുകളോ ടൗണ്‍ ഹാളുകളോ ഇതിനായി ഉപയോഗിക്കാം. ഇന്റര്‍നെറ്റ് സൗകര്യം കുറഞ്ഞ പ്രദേശങ്ങള്‍, മത്സ്യത്തൊഴിലാളികളുടെയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെയും താമസ സ്ഥലം തുടങ്ങിയ ഇടങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉറപ്പുവരുത്തും. അധികമായി ഏര്‍പ്പെടുത്തുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ വിന്യസിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ആവശ്യമെങ്കില്‍ മൊബൈല്‍ യൂണിറ്റിലെ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താം.