വാച്ച് യുവർ നെയ്ബർ എന്ന പേരിൽ കേരള പൊലീസിന് പദ്ധതികളില്ലെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ
വാച്ച് യുവർ നെയ്ബർ എന്ന പേരിൽ കേരള പൊലീസിന് നിലവിൽ പദ്ധതികൾ ഒന്നുമില്ലെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അറിയിച്ചു. കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ റ്റു യുവര്‍ നെയ്ബര്‍ എന്ന പദ്ധതിയാണ്. വാച്ച് യുവർ നെയ്ബർ പദ്ധതി വരുന്നെന്ന പ്രചാരണമുണ്ടായതോടെ അയൽക്കാരിൽ അസ്വാഭാവികമായി എന്ത് കണ്ടാലും പൊലീസിനെ അറിയിക്കണമെന്ന വ്യാഖ്യാനം ഉയരുകയും ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളായി മാറുകയും ചെയ്തിരുന്നു.
ഫ്ളാറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അയല്‍ക്കാര്‍ തമ്മിലുളള നല്ല സൗഹൃദത്തിലൂടെ കഴിയും. അയൽപക്കത്തെ കുടുംബങ്ങൾ തമ്മിലുളള പരസ്പര അടുപ്പം കുട്ടികളുടെ ഒത്തുചേരലിന് വഴിവയ്ക്കും. അയല്‍വാസികളെ അടുത്തറിഞ്ഞ് പരസ്പരം കൈത്താങ്ങാകുന്നതിലൂടെ സുരക്ഷിതത്വം വര്‍ദ്ധിക്കും. അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളിലെ കുട്ടികളുടെ പാര്‍ക്കുകളിലെ സന്ദര്‍ശനം, ജോലി സ്ഥലത്തേയ്ക്ക് ഒരുമിച്ചുളള യാത്ര എന്നിവയിലൂടെയും ഗൃഹസന്ദര്‍ശനങ്ങളിലൂടെയും സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് പൊലീസിന്‍റെ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നു.