KERALAUncategorized

വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ തുടരന്വേഷണം നടത്തുന്ന സിബിഐ സംഘത്തിൽ അഴിച്ചുപണി

വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ തുടരന്വേഷണം നടത്തുന്ന സിബിഐ സംഘത്തിൽ അഴിച്ചുപണി. പുതിയ സംഘത്തെ നയിക്കുന്ന വനിത ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റി സിബിഐ അഡീഷണൽ ഡയറക്ടർ ഉത്തരവിറക്കി. ഇതര സംസ്ഥാനത്ത് നിന്നുള്ള എസ്പി , ഡിവൈഎസ്പി എന്നിവരെ ഉൾപ്പടെ പുതിയ സംഘത്തിൽ നിയമിച്ചു.

സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ നിരീക്ഷണങ്ങൾ കൂടി കേസിൽ ഉപയോഗിക്കാനാണ് സിബിഐയുടെ തീരുമാനം. നേരത്തെ, അന്വേഷണത്തിന് മലയാളികളല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു.

കേസിൽ സിബിഐയുടെ നുണപരിശോധന ഹർജിക്കെതിരെ പ്രതിഭാഗം തടസ്സ ഹർജി നൽകിയിട്ടുണ്ട്. പ്രതികൾ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പ്രതിഭാഗം കോടതിയിൽ അറിയിക്കുകയായിരുന്നു. നേരത്തെ അന്വേഷണസംഘം സമാന ആവശ്യം ഉന്നയിച്ച സമയത്ത് കോടതി നുണപരിശോധനയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു. പാലക്കാട് പോക്സോ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജി ഈ മാസം 15 ന് വീണ്ടും പരിഗണിക്കും.

വാളയാർ കേസിൽ കേരള പൊലീസിനെപോലെ സിബിഐയും കുട്ടികളുടേത് ആത്മഹത്യയാണെന്ന് പറഞ്ഞതോടെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപ്പത്രം റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് അന്വേഷിച്ച ഏജൻസികൾ ശാസ്ത്രീയ തെളിവുകൾ അവ​ഗണിച്ചുവെന്ന ആരോപണമുയർന്നിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button