വാളയാർ കേസിൽ നുണപരിശോധന നടത്തണമെന്ന സിബിഐ ആവശ്യത്തിൽ ഈ മാസം 28ന് വിധി
വാളയാര്‍ കേസില്‍ നുണപരിശോധന നടത്തണമെന്ന സിബിഐ ആവശ്യത്തില്‍ പാലക്കാട് പോക്‌സോ കോടതി സെപ്തംബര്‍ 28ന് വിധി പറയും. സിബിഐയുടെ വാദത്തെ പ്രതികളായ വലിയ മധു, ഷിബു എന്നിവര്‍ എതിര്‍ത്തു. കേസിലെ മൂന്നാം പ്രതി കുട്ടി മധുവിന്റെ വാദം നാളെ കേള്‍ക്കും.
അതേ സമയം, വാളയാര്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിഗണിച്ചില്ലെന്ന ആരോപണവുമായി പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. കൊലപാതക സാധ്യത ഉറപ്പിക്കുന്ന സെല്ലോഫൈന്‍ റിപ്പോര്‍ട്ട്, കേസ് അന്വേഷിച്ച പൊലീസും സിബിഐയും ഒരുപോലെ അവഗണിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം. മക്കളെ നഷ്ടപ്പെട്ട് കൊല്ലം ആറ് കഴിയുമ്പോഴും നീതിക്കുള്ള പോരാട്ടം തുടരുകയാണ് കുടുംബം.
ലോക്കൽ പൊലീസിനെ പോലെ സിബിഐയും കുട്ടികളുടേത് ആത്മഹത്യ എന്ന് പറഞ്ഞപ്പോഴാണ് തുടരന്വേഷണത്തിന് നിർദേശിച്ചത്. സിബിഐ നൽകിയ തെളിവുകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തൽ. എന്നാൽ കേസ് അന്വേഷിച്ച ഏജൻസികൾ പ്രധാനപ്പെട്ട ശാസ്ത്രീയ തെളിവുകൾ അവഗണിച്ചു കളഞ്ഞിരുന്നു. അതിൽ ഒന്നാമത്തേതാണ് സെല്ലോഫൈൻ ടേപ്പ് റിപ്പോർട്ട്. ഹൈക്കോടതി അഭിഭാഷകൻ കേരളത്തിന് പുറത്തുള്ള സിബിഐ യൂണിറ്റിനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്നാണ് കുട്ടികളുടെ അമ്മ ആവർത്തിക്കുന്നത്. പുനരന്വേഷണ റിപ്പോർട്ട് നൽകുമ്പോൾ എങ്കിലും ശാസ്ത്രീയ പരിശോധനഫലങ്ങൾ കൂടി പരിഗണിക്കണം എന്നാണ് ബന്ധുക്കളും സമരസമിതിയും ആവശ്യപ്പെടുന്നത്. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.